കോൺഗ്രസ് എന്താ ഇങ്ങനെ ? എറണാകുളം ഡിസിസി പ്രസിഡന്റ്, ജിസിഡിഎ ചെയർമാൻ പദവികളിലേക്ക് കണ്ണുംനട്ട് അര ഡസനോളം നേതാക്കൾ
എറണാകുളം ഡിസിസി പ്രസിഡന്റ്, ജി സി ഡി എ ചെയർമാൻ പദവികൾക്കായി കോൺഗ്രസിൽ പിടിവലി. മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരനായ മുഹമ്മദ് ഷിയാസ് ഒഴിയുന്ന ഡിസിസി പ്രസിഡണ്ട് പദവിയിലേക്ക് അര ഡസനോളം നേതാക്കളാണ് നോട്ടമിടുന്നത്. കൊച്ചി വിശാല വികസന അതോറിറ്റി ചെയർമാൻ പദവിക്കായും നിരവധി പേർ രംഗത്തുണ്ട്.
മുഹമ്മദ് ഷിയാസ് എംഎൽഎ ആയതോടെ ഒഴിവ് വന്ന ഡി.സി.സി അധ്യക്ഷ പദവിയിലേക്കാണ് പലരുടെയും നോട്ടം. മുഖ്യമന്ത്രി വി ഡി സതീശന്റെ ജില്ലയിൽ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരനായ ഒരാളാണ് സാധാരണ ഡി.സി.സി പ്രസിഡണ്ട് പദവിയിലേക്ക് എത്തുക .എന്നാൽ ജില്ലയിലെ മുൻനിര നേതാക്കളിൽ രാജു പി നായർ ഒഴികെ മറ്റാരും നിലവിൽ സതീശനൊപ്പം ഇല്ല. ചെന്നിത്തല ഗ്രൂപ്പുകാരനായ എൽദോസ് കുന്നപ്പള്ളി, കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെസി ഗ്രൂപ്പുകാരനുമായ അബ്ദുൾ മുത്തലിബ്, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഈ മൂന്നു പേരാണ് ഡി സി സി പ്രസിഡണ്ടാകാൻ രംഗത്തുള്ളവർ. ഇവരാരും സതീശൻ ഗ്രൂപ്പ് അല്ല.
പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട തനിക്ക് പകരം പദവിക്ക് അർഹത ഉണ്ടെന്നാണ് കുന്നപ്പള്ളിയുടെ വാദം. ലത്തീൻ സഭയുടെ പിന്തുണയാണ് ഡൊമിനിക് പ്രസന്റേഷന്റെ കരുത്ത്. മന്ത്രിസഭാ രൂപീകരണത്തിൽ ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയെ അനുനയിപ്പിക്കുന്നതിനായി ഡൊമിനിക് പ്രസന്റേഷന് ഒരു പദവി ഉറപ്പാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് പദവിയോ ജിസിഡിഎ ചെയർമാൻ സ്ഥാനമോ അതിലൊന്നാണ് ഡൊമിനിക് പ്രസന്റേഷൻ നൽകുക. എന്നാൽ മുൻ ജി സി ഡി എ ചെയർമാൻ എൻ വേണുഗോപാലിന് ഒരിക്കൽ കൂടി ജി സി ഡി എ ചെയർമാൻ പദവിയിലെത്താൻ മോഹമുണ്ട്.
ജനറൽ സെക്രട്ടറിയും ജില്ലയിലെ മുതിർന്ന നേതാവുമായ അബ്ദുൽ മുത്തലിബ് ഡി.സി.സി പ്രസിഡണ്ട് പദവി ലക്ഷ്യമിടുന്ന മറ്റൊരു നേതാവാണ് ജില്ലയിലെ മുതിർന്ന നേതാവ് കെ സി പക്ഷക്കാരൻ എന്നിവ മുത്തലിബിന് അനുകൂലമാകുന്ന ഘടകങ്ങളാണ്. രാജു പി നായർക്കായി മുഖ്യമന്ത്രി സതീശനും ,മുത്തലിബിനായി കെ സി വേണുഗോപാലും ശക്തമായി രംഗത്തുണ്ട്.
ഇതിനിടയിൽ പരിഗണിക്കപ്പെടുന്ന മറ്റൊരു പേര് ജിന്റോ ജോണിന്റെതാണ്. പക്ഷേ ജിൻ്റോ കടുത്ത സതീശൻ വിരുദ്ധനാണ്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ ജാതിവാൽ ഉപയോഗിച്ചതിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച ജിൻ്റോയെ ഒരു കാരണവശാലും സതീശൻ അംഗീകരിക്കില്ല. മറ്റൊരു കെ സി പക്ഷക്കാരിയായ ദീപ്തി മേരി വർഗ്ഗീസിനെ തൃപ്തിപ്പെടുത്താൻ വനിതാ കമ്മീഷൻ അധ്യക്ഷ പദവി നൽകിയേക്കും. ചുരുക്കത്തിൽ സീറ്റ് വിഭജനത്തേക്കാൾ വലിയ കീറാമുട്ടിയാണ് വിജയിച്ചതിന് ശേഷമുള്ള സ്ഥാനമാനങ്ങളുടെ വീതംവയ്പ്.