Select Location
All Locations
State
Region
City / District
കമ്മിഷൻ ഇല്ലാതാകും; അരവണ ടിൻ ഫാക്ടറി സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം അട്ടിമറിച്ചു

കമ്മിഷൻ ഇല്ലാതാകും; അരവണ ടിൻ ഫാക്ടറി സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡ് നീക്കം അട്ടിമറിച്ചു

ശബരിമല ∙ സ്വന്തമായി അരവണ ടിൻ നിർമാണ ഫാക്ടറി തുടങ്ങാനുള്ള ദേവസ്വം ബോർഡ് പദ്ധതി ഇടനിലക്കാർ അട്ടിമറിച്ചു. കമ്പനികൾക്കു കരാർ നൽകി ടിൻ വാങ്ങുന്നതിലെ കമ്മിഷൻ ഇല്ലാതാകുമെന്നതാണു കാരണം. 3.5 കോടി ടിൻ ആണ് ഒരു വർഷം വേണ്ടത്. ടിൻ ഇത്തവണയും പുറത്തു നിന്നു തന്നെ വാങ്ങേണ്ടി വരും. കരാർ ലേലം ചെയ്യുകയാണു പതിവ്. മുൻകൂട്ടി ഓർഡർ നൽകുമെങ്കിലും മിക്കവർഷവും ആവശ്യത്തിനു ടിൻ കിട്ടാതെ അരവണ വിതരണം പ്രതിസന്ധിയിലാകും. ഇതിനു പരിഹാരമായാണു ദേവസ്വം ബോർഡ് സ്വന്തമായി അരവണ കണ്ടെയ്നർ പ്ലാന്റ് തുടങ്ങാൻ പദ്ധതിയിട്ടത്. നിലയ്ക്കൽ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാംകാവ്, അമ്പലപ്പുഴ തുടങ്ങി ദേവസ്വം ബോർഡിന്റെ മറ്റു പ്രധാന ക്ഷേത്രങ്ങളിലേക്കും ടിൻ നൽകാൻ കഴിയുന്ന പദ്ധതിയായിരുന്നു ഇത്. കെ.അനന്തഗോപൻ പ്രസിഡന്റായിരുന്ന കാലത്ത് ഇതിനായി തെള്ളിയൂർക്കാവിൽ സ്ഥലം കണ്ടെത്തി. അടുത്ത ബോർഡ് ചുമതലയേറ്റപ്പോൾ പദ്ധതിയിൽ താൽപര്യം ചോർന്നു. പി.എസ്.പ്രശാന്ത് പ്രസിഡന്റായ കഴിഞ്ഞ ബോർഡ് വിഷയം വീണ്ടും പരിഗണിച്ചു.

തെള്ളിയൂർക്കാവിൽ നിന്നു ടിൻ എത്തിക്കുന്നതിനു ചെലവ് കുറയ്ക്കാൻ നിലയ്ക്കലിൽ ബിഒടി അടിസ്ഥാനത്തിൽ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിട്ടു. എന്നാൽ, ഫാക്ടറി തുടങ്ങിയാൽ പരാജയമാകുമെന്നും ലേലത്തിലൂടെ കരാർ നൽകുന്നതാണു നല്ലതെന്നും ചിലർ കഴിഞ്ഞ ബോർ‌ഡിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ പദ്ധതി തൽക്കാലത്തേക്കു ഒഴിവാക്കി. ടിൻ എത്തിക്കാൻ സ്വകാര്യ കമ്പനികൾക്കു കരാറും നൽകി. കെ.ജയകുമാർ പ്രസിഡന്റായ പുതിയ ദേവസ്വം ബോർഡ് ഭരണമേറ്റെങ്കിലും ടിൻ പ്ലാന്റ് സ്ഥാപിക്കുന്നതു ബോർഡ് പരിഗണിച്ചിട്ടില്ല. ടെൻഡർ നടപടികൾ ഉടൻ തുടങ്ങും. കഴിഞ്ഞ തീർഥാടന കാലത്ത് 198 കോടി രൂപയുടെ അരവണ വിറ്റു.


Manorama News 1 hour ago
Home Flash News