’ഒറ്റപ്പെടുത്തി, മാറ്റിനിർത്തപ്പെട്ടു’; മമത അണികളെ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും കാകോലി ഘോഷ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ആഭ്യന്തര കലഹം രൂക്ഷമാവുകയും ഒരു കൂട്ടം വിമത എംപിമാർ എൻഡിഎയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെ, പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുതിർന്ന പാർലമെന്റ് അംഗം കാകോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി. താനുൾപ്പെടെ 20 എംപിമാർ സഭയിൽ പ്രത്യേകമായി ഇരിക്കാൻ അനുമതി തേടിയതായി അവർ വെളിപ്പെടുത്തി.
എൻഡിഎയെ പിന്തുണയ്ക്കുന്നതും ഇരിപ്പിടം മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതായി തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്ന കാകോലി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഭരണപരാജയം, തൊഴിലില്ലായ്മ, ക്രമസമാധാന തകർച്ച എന്നിവയിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി നേതൃത്വവുമായി അകലുന്നതെന്ന് അവർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ഈ വിള്ളൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു.
അതേസമയം, മമതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന തൃണമൂൽ യോഗം കാകോലിയെ നീക്കി, കല്യാൺ ബാനർജിയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തിരുന്നു. നാല് പതിറ്റാണ്ടുകാലം മമത ബാനർജിയോടൊപ്പം പ്രവർത്തിച്ചിട്ടും ഇപ്പോൾ നേരിടുന്ന അവഗണനയും അപമാനവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച കാകോലി, ദേശീയ താൽപര്യങ്ങൾക്കും സംസ്ഥാന വികസനത്തിനുമാണ് ഇനി താൻ മുൻഗണന നൽകുകയെന്നും വ്യക്തമാക്കി. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് താൻ പദവികൾ ഒഴിയാനുള്ള മറ്റൊരു കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. ജില്ലാ ചെയർപേഴ്‌സൺ എന്ന നിലയിൽ തിരഞ്ഞെടുപ്പ് ഫലം മോശമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ സ്ഥാനമൊഴിഞ്ഞതെന്നും എന്നാൽ അതിനുശേഷം തന്നെ ആരും വിളിക്കുകയോ കാണുകയോ ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം താൻ എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിഞ്ഞതിന് ശേഷം, തന്നെ അധിക്ഷേപിക്കാൻ മമത ബാനർജി ആരോ ഒരാൾക്ക് നിർദ്ദേശം നൽകിയെന്നും കാകോലി ആരോപിച്ചു. 'കഴിഞ്ഞ 40 വർഷമായി ഞാൻ മമത ബാനർജിക്കൊപ്പമുണ്ട്. എന്നെ അധിക്ഷേപിക്കാൻ അവർ ഒരാൾക്ക് നിർദ്ദേശം നൽകുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല...' കാകോലി എഎൻഐയോട് പറഞ്ഞു. രാജിക്കത്ത് നൽകിയ ശേഷം മമത ബാനർജി ബന്ധപ്പെടാൻ ശ്രമിച്ചോ എന്ന ചോദ്യത്തിന്, 'ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും പൂർണമായും തമസ്‌കരിക്കപ്പെടുകയായിരുന്നു എന്നും അവർ പറഞ്ഞു. വിമത വിഭാഗം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയില്ലെങ്കിലും, രാജ്യസുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. 'ഇപ്പോൾ ബംഗാളിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കാനും ഇന്ത്യയെ സുരക്ഷിതമായി നിലനിർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതുതന്നെ വലിയ കാര്യമല്ലേ? രാജ്യത്തിന്റെ പ്രശ്‌നമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം.' അവർ പറഞ്ഞു.
'കഴിഞ്ഞ മൂന്ന് നാല് വർഷമായി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തയായിരുന്നു. ഭരണപരമായ വീഴ്ചകൾ, വികസനമില്ലായ്മ, ആർജി കർ ആശുപത്രി സംഭവം ഉൾപ്പെടെയുള്ള വിവാദങ്ങൾ എന്നെ നിരാശപ്പെടുത്തി.' എൻഡിഎയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കാകോലി സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ ആവശ്യമായ ഭൂരിപക്ഷം വിമതർക്ക് ഉണ്ടെന്നത് മമത ബാനർജിയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.