ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ചികിത്സയ്ക്കായി 'ചായ ചലഞ്ചുമായി' നാട്ടുകാർ
ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാസർഗോഡ് തൃക്കരിപ്പൂരിലെ വിഷ്ണു ദേവിൻ്റെ ചികിത്സയ്ക്കായി ചായ ചലഞ്ചുമായി നാട്. സിനിമാതാരങ്ങൾ ഉൾപ്പെടെ അനവധി പേരാണ് ചായ ചലഞ്ചിൽ പങ്കെടുക്കാൻ എത്തിയത്. തൃക്കരിപ്പൂർ തലിച്ചാലത്തെ ചായ ഹട്ടിലാണ് സാമ്പത്തിക സമാഹരണത്തിന് വേദിയൊരുക്കിയത്. ചായ കുടിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശം ഉൾക്കൊണ്ട് ഒരു നാട് ഒന്നാകെ ചാലഞ്ചിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. വിഷ്ണു ദേവിന്റെ ചികിത്സക്ക് തുക കണ്ടത്താനായി രൂപീകരിച്ച സാമ്പത്തിക സഹായ കമ്മിറ്റിയാണ് ചാലഞ്ച് സംഘടിപ്പിച്ചത്. വ്യത്യസ്തവും വൈവിധ്യവുമായ പലഹാരങ്ങൾ നിരത്തിയാണ് സംഘാടകർ ചാലഞ്ചിൽ പങ്കെടുക്കാൻ എത്തിയവരെ വരവേറ്റത്. കൊതിയൂറും പലഹാരങ്ങൾ ചൂടോടെ ചുട്ടു വിളമ്പിയപ്പോൾ വന്നവർ നിറമനസ്സോടെ സ്വീകരിച്ചു. ഇവിടുത്തെ ഒരു ദിവസത്തെ ലാഭം മുഴുവൻ ചികിത്സാ സഹായത്തിന് നൽകുവാനാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ പി.പി കുഞ്ഞികൃഷ്ണൻ, അഖില ഭാർഗ്ഗവൻ എന്നിവർ മുഖ്യാതിഥികളായി.
ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചാലഞ്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചികിത്സാ കമ്മിറ്റി ചെയർമാൻ ടി.വി ഹരീഷ്, കോർഡിനേറ്റർ ഖലീഫ ഉദിനൂർ, ചികിത്സാ കമ്മിറ്റി കൺവീനർ കെ.കനേഷ് എന്നിവർ നേതൃത്വം നൽകി.