Select Location
All Locations
State
Region
City / District
സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

സുരക്ഷിതമായ ഓരോ ഗര്‍ഭധാരണവും ഒരു രാജ്യം ആ രാജ്യത്തെ സ്ത്രീകളോടു കാണിക്കുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. പ്രതിവര്‍ഷം ഏകദേശം 2.9 കോടി ഗര്‍ഭധാരണങ്ങള്‍ നടക്കുന്ന ഒരു രാജ്യത്ത്, സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാന്‍ കരുത്തുറ്റ ആരോഗ്യസംവിധാനങ്ങള്‍, സുസ്ഥിരമായ രാഷ്‌ട്രീയ പ്രതിജ്ഞാബദ്ധത, യഥാസമയത്തെ ഇടപെടലുകള്‍, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങളിലേക്കു തുല്യമായ പ്രവേശനം എന്നിവ വേണം. കഴിഞ്ഞ പതിറ്റാണ്ടില്‍ മാതൃമരണ നിരക്കിലുണ്ടായ കുറവ് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ നേട്ടങ്ങളിലൊന്നാണ്. മാതൃ ആരോഗ്യ മേഖലയിലെ സുസ്ഥിരമായ നിക്ഷേപങ്ങള്‍, കരുത്തുറ്റ സേവന വിതരണ സംവിധാനങ്ങള്‍, സാമൂഹ്യപങ്കാളിത്തം, ഒപ്പം ഓരോ സ്ത്രീക്കും ഗര്‍ഭകാല യാത്രയിലുടനീളം ഗുണമേന്മയുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പ്രതിജ്ഞാബദ്ധത എന്നിവയാണ് ഈ പുരോഗതിക്ക് ഉണര്‍വേകിയത്. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനാണ്. പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി രാജ്യത്തുടനീളം സുരക്ഷിതമായ മാതൃത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് 2016 ജൂണ്‍ ഒന്‍പതിനാണ്. ഗര്‍ഭകാലത്തിന്റെ രണ്ടും മൂന്നും ത്രൈമാസ ഘട്ടങ്ങളിലുള്ള എല്ലാ ഗര്‍ഭിണികള്‍ക്കും ഓരോ മാസവും 9-ാം തീയതി സൗജന്യവും ഗുണമേന്മയുള്ളതുമായ ഗര്‍ഭകാല ആരോഗ്യപരിശോധനയും പരിചരണ സേവനങ്ങളും ഉറപ്പാക്കുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്. ഒന്‍പതാം തീയതി തെരഞ്ഞെടുത്തതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഗര്‍ഭധാരണം എന്നത്, വിലപ്പെട്ട ഒന്‍പതു മാസത്തെ യാത്രയാണ്. ഓരോ മാസവും പുതിയ പ്രതീക്ഷയും കാത്തിരിപ്പും ഉത്തരവാദിത്വവുമാണു കൊണ്ടുവരുന്നത്. എല്ലാ മാസവും ഒന്‍പതാം തീയതി അമ്മമാരുടെ ആരോഗ്യത്തിനായി സമര്‍പ്പിക്കുന്നതിലൂടെ, ഗര്‍ഭകാലം മുഴുവന്‍ അമ്മയ്‌ക്കും കുഞ്ഞിനും നിരന്തര പരിചരണവും ആരോഗ്യപരിശോധനയും പിന്തുണയും ഉറപ്പാക്കി, ആരോഗ്യവാനായ കുഞ്ഞിന്റെ സുരക്ഷിത ജനനം സാധ്യമാക്കണമെന്ന സന്ദേശമാണ് ഈ പദ്ധതി നല്‍കുന്നത്.

മാതൃ ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന്, ഗര്‍ഭധാരണം അപകടസാധ്യതകളില്‍നിന്നു പൂര്‍ണമായും മുക്തമല്ല എന്നതാണ്. ഇന്നു സാധാരണ നിലയില്‍ കാണപ്പെടുന്ന ഗര്‍ഭധാരണത്തില്‍ നാളെ ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. മുന്നറിയിപ്പുകളില്ലാതെ ഏതു ഗര്‍ഭധാരണവും ഉയര്‍ന്ന അപകടസാധ്യതയുള്ളതായി മാറാമെന്ന തിരിച്ചറിവില്‍, അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുകയും അവ കൃത്യമായി നിരീക്ഷിക്കുകയും യഥാസമയം പരിചരണത്തിനു നിര്‍ദേശിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്ന, ലളിതവും എന്നാല്‍ പരിവര്‍ത്തനാത്മകവുമായ സമീപനമാണ് പിഎംഎസ്എംഎ അവതരിപ്പിച്ചത്. തിരിച്ചറിയപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള ഓരോ ഗര്‍ഭധാരണവും ഒരു മാതൃമരണം, പ്രസവസമയത്തെ ശിശുമരണം, നവജാതശിശുവിനുള്ള സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ ജീവിതാവസാനം വരെയുള്ള വൈകല്യങ്ങള്‍ എന്നിവ തടയാനുള്ള അവസരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. സങ്കീര്‍ണതകള്‍ ഉണ്ടായതിനുശേഷം ചികിത്സിക്കുന്നതില്‍നിന്ന്, അവ മുന്‍കൂട്ടി തടയുന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ, ഈ പദ്ധതി ഭാരതത്തിന്റെ മാതൃ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു കരുത്തേകുകയും കോടിക്കണക്കിനു സ്ത്രീകളുടെ ഗര്‍ഭകാലം സുരക്ഷിതമാക്കുകയും ചെയ്തു.

ഈ പദ്ധതിക്കു കീഴില്‍, ഗര്‍ഭിണികളായ സ്ത്രീകളെ കഠിനമായ വിളര്‍ച്ച, രക്തസമ്മര്‍ദം, ഗര്‍ഭകാല പ്രമേഹം, അണുബാധകള്‍, നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അമ്മയുടെയും നവജാതശിശുവിന്റെയും ജീവനുതന്നെ ഭീഷണിയായേക്കാവുന്ന മറ്റു സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഏകദേശം 25 അവസ്ഥകള്‍ക്കായി പരിശോധനയ്‌ക്കു വിധേയരാക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ക്ക്, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ പ്രകാരമുള്ള സ്‌പെഷ്യലിസ്റ്റ്/മെഡിക്കല്‍ ഓഫീസറുടെ പതിവു പ്രസവപൂര്‍വ പരിചരണ സന്ദര്‍ശനത്തിനപ്പുറം, നിരന്തരമായ നിരീക്ഷണം ആവശ്യമാണെന്ന കണ്ടെത്തലുകള്‍ പുറത്തുവന്നതോടെ, 2022-ല്‍ വിപുലീകരിച്ച PMSMA (EPMSMA) തന്ത്രം ആവിഷ്‌കരിച്ച് ഈ ദൗത്യത്തിനു കൂടുതല്‍ കരുത്തേകി.

ഇതു പ്രകാരം, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭിണികള്‍ക്ക്, സുരക്ഷിതമായ പ്രസവംവരെ യഥാസമയം പരിചരണം ഉറപ്പാക്കാന്‍, സാധാരണ സെഷനുകള്‍ക്കു പുറമെ അധിക ‘ഫോളോ-അപ്പ്’ സന്ദര്‍ശനങ്ങള്‍ ലഭ്യമാക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ പേരുവിവരങ്ങള്‍ സഹിതം പിന്തുടരുന്ന രീതി ഈ സംരംഭം അവതരിപ്പിച്ചു. പ്രസവശേഷം 45-ാം ദിവസം വരെ ഫോളോ-അപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്തുടനീളവും പ്രസവാനന്തര കാലയളവിലും നിരന്തരമായ പരിചരണത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭിണികളെ അധിക സന്ദര്‍ശനങ്ങള്‍ക്കായി അനുഗമിക്കുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു (‘ആശ’മാര്‍) പ്രോത്സാഹനധനം നല്‍കുന്നത്, റഫറല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും പരിചരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും കൂടുതല്‍ കരുത്തുപകര്‍ന്നു.

പദ്ധതി നടപ്പാക്കല്‍, നിരീക്ഷണം, ഉത്തരവാദിത്വം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തുടനീളമുള്ള പദ്ധതി പരിപാലനത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന കേന്ദ്രീകൃത പിഎംഎസ്എംഎ ഡിജിറ്റല്‍ പോര്‍ട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേവന വിതരണത്തിന്റെ തത്സമയ റിപ്പോര്‍ട്ടിങ്, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങളുടെ പേരുവിവരങ്ങള്‍ സഹിതമുള്ള ട്രാക്കിങ്, പദ്ധതിയുടെ പ്രകടനം വിലയിരുത്തല്‍, ദേശീയ-സംസ്ഥാന തലങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കല്‍ എന്നിവ ഈ പോര്‍ട്ടല്‍ സാധ്യമാക്കുന്നു. പ്രധാനമായും, സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ക്കും കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാനും പദ്ധതിയിലേക്കു സംഭാവന നല്‍കാനും ഈ സംവിധാനം അവസരമൊരുക്കുന്നു. ഇതു ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു. സ്വാധീനത്തിന്റെ ഒരു പതിറ്റാണ്ട് കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്റെ വ്യാപ്തിയും സ്വാധീനവും അഭൂതപൂര്‍വമായിരുന്നു. 2016-ല്‍ ആരംഭിച്ചതുമുതല്‍ രാജ്യത്തുടനീളം ഈ പദ്ധതിക്കുകീഴില്‍ 7.5 കോടിയിലധികം പ്രസവപൂര്‍വ പരിശോധനകള്‍ നടത്തി. പ്രധാനമായും, ഉയര്‍ന്ന അപകടസാധ്യതയുള്ള 1.17 കോടിയിലധികം ഗര്‍ഭധാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

പിഎംഎസ്എംഎയുടെ പത്തുവര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍, ഭാരതം ഒരു പൊതുജനാരോഗ്യ പദ്ധതിയുടെ വിജയം മാത്രമല്ല ആഘോഷിക്കുന്നത്. സുരക്ഷിതമായ ലക്ഷക്കണക്കിനു ഗര്‍ഭധാരണങ്ങളെയും, കൂടുതല്‍ ആരോഗ്യവതികളായ അമ്മമാരെയും, നവജാത ശിശുക്കള്‍ക്കു ലഭിച്ച മികച്ച തുടക്കങ്ങളെയും, ഈ മാറ്റം സാധ്യമാക്കിയ ആരോഗ്യപ്രവര്‍ത്തകരുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളെയുംകൂടിയാണു രാജ്യം ആഘോഷമാക്കുന്നത്.


Janmabhumi 1 hour ago
Home Flash News