ഏഷ്യൻ പാരാ ഗെയിംസ്: 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ മോന അഗർവാളിന് സ്വർണം
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ ഇന്ത്യക്ക് ഇരട്ട തിളക്കം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇനത്തിൽ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡ് തകർത്ത് ഇന്ത്യയുടെ മോന അഗർവാൾ സ്വർണം നേടി. നിലവിലെ ചാമ്പ്യനും സഹതാരവുമായ അവനി ലേഖരയെ പിന്തള്ളിയാണ് 38 കാരിയായ രാജസ്ഥാനിലെ സിക്കാർ സ്വദേശി മോന കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്.
ഫൈനലിൽ 250.0 പോയിന്റ് നേടിയാണ് മോന ഏഷ്യൻ പാരാ ഗെയിംസിലെ പുതിയ റെക്കോർഡോടെ സ്വർണം അണിഞ്ഞത്. രണ്ട് തവണ പാരാലിംപിക്‌സ് സ്വർണ്ണ മെഡൽ ജേതാവായ രാജസ്ഥാൻ സ്വദേശി അവനി ലേഖര 249.6 പോയിന്റോടെ വെള്ളി മെഡൽ നേടി. ദക്ഷിണ കൊറിയയുടെ യുൻറി ലീ 227.9 പോയിന്റോടെ വെങ്കലം സ്വന്തമാക്കി.
സ്റ്റേജ് 2-ലെ അഞ്ചാം സീരീസ് വരെ അവനി ലേഖരയായിരുന്നു മുന്നിൽ. എന്നാൽ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചുവന്ന മോന അഗർവാൾ ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഷൂട്ടിന് തൊട്ടുമുമ്പ് വെറും 0.1 പോയിന്റിന്റെ ലീഡാണ് മോനയ്ക്കുണ്ടായിരുന്നത്.
2022 ഹാംഗ്‌ഷൂ ഏഷ്യൻ പാരാ ഗെയിംസിൽ അവനി ലേഖര കുറിച്ച 249.6 പോയിന്റിന്റെ റെക്കോർഡാണ് മോന അഗർവാൾ ഇത്തവണ തിരുത്തിയെഴുതിയത്. അവനി ഇത്തവണയും തന്റെ മുൻ റെക്കോർഡിന് തുല്യമായ പോയിന്റ് നേടിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഇനത്തിലെ ഏഷ്യൻ റെക്കോർഡ് 250.8 പോയിന്റോടെ മോനയുടെ പേരിൽ തന്നെയാണ്. 252.0 പോയിന്റോടെ ഉക്രെയ്ന്റെ ഇറിന ഷെത്നിക്കിന്റെ പേരിലാണ് ലോക റെക്കോർഡ് ഉള്ളത്. ശരീരത്തിന്റെ താഴത്തെ അവയവങ്ങൾക്ക് വൈകല്യമുള്ള കായികതാരങ്ങളാണ് SH1 വിഭാഗത്തിൽ മത്സരിക്കുന്നത്.