കർണാടകയിലെ നേതാക്കളെ കുടുക്കാൻ ലക്ഷ്യമിട്ട് ഒളിക്യാമറ
കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ മുൻ പാർട്ടി ജനറൽ സെക്രട്ടറി കൃപ ആൽവയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുതിർന്ന വനിതാ നേതാവിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് നടപടി.
വാർത്ത വലിയ വിവാദമായത് പാർട്ടിക്ക് നാണക്കേടുണ്ടായെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്റ്റിംങ് ഓപ്പറേഷൻ കേസിൽ കൃപ ആൽവയുടെ പേര് ഉയർന്നുവന്നിട്ടുണ്ടെന്നും അവരുടെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വിശദീകരണം തേടി കൃപ ആൽവയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ അവർ മറുപടിയോ വിശദീകരണമോ നൽകിയിട്ടില്ലെന്നും കെപിസിസി അറിയിച്ചു. അപകീർത്തികരമായ വീഡിയോയ്ക്ക് പിന്നിൽ കൃപ ആൽവയെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കോടതിയിൽനിന്ന് ഉത്തരവും നേടിയിട്ടുണ്ട്.
സിദ്ധരാമയ്യയെ കുറിച്ചുള്ള അപകീർത്തികരമായ ഉള്ളടക്കമുള്ള ഒളിക്യാമറ വീഡിയോയുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് അന്വേഷണം നടത്തിയിരുന്നു. വീഡിയോയിലെ ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതും ബോധപൂർവം സൃഷ്ടിച്ചെടുത്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളും തെളിവുകളും പരിശോധിച്ചതിൽ വീഡിയോയിൽ പരാമർശിക്കുന്ന തരത്തിലുള്ള സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.