കേരള സർവകലാശാല അസിസ്‌റ്റൻ്റ്: 38 പേരുടേത് അനധികൃത നിയമനം
2005ലെ കേരള സർവകലാശാല അസിസ്‌റ്റന്റ് പരീക്ഷയിലൂടെ നിയമനം ലഭിച്ച 185 പേരിൽ 38 പേർ അനധികൃതമായി ജോലിയിൽ പ്രവേശിച്ചവരാണെന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇവരെ പ്രതിചേർത്ത് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. കേസിൽ കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറടക്കം ഏഴു പ്രതികളെ ഉൾപ്പെടുത്തിയ കുറ്റപത്രം ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
സർവകലാശാലയിൽ നിലവിൽ അസി. റജിസ്ട്രാറായി ജോലി ചെയ്യുന്നവർ വരെ ഈ പട്ടികയിലുണ്ടന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. രണ്ടു പേർ വിരമിച്ചു.
കേസ്
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം അനുഭാവികളെ തിരുകിക്കയറ്റി.
പ്രതികൾ
1. മുൻ വി.സി എം.കെ.രാമചന്ദ്രൻ നായർ
2. മുൻ പ്രോ വൈസ് ചാൻസലർ വി. ജയപ്രകാശ്
3. മുൻ റജിസ്ട്രാർ കെ.എ. ഹാഷിം
4. എ.എ.റഷീദ്
( സിൻഡിക്കേറ്റ് അംഗം)
5. ബി.എസ്.രാജീവ് (സിൻഡിക്കേറ്റ് അംഗം മരിച്ചു)
6. എം.പി. റസൽ (സിൻഡിക്കേറ്റ് അംഗം)
7. കെ.എ. ആൻഡ്രൂ (സിൻഡിക്കേറ്റ് അംഗം )
കോടതി ഇടപെടൽ
വേണ്ടത്ര തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ഇക്കാര്യം അറിയിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി 2022ൽ തള്ളി.
കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ അനുമതി
കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു തന്നെ മുൻ വി.സിക്കെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.