പോര്‍ച്ചുഗീസ് ഫോര്‍വേഡ് ടിയാഗോ ആല്‍വെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പോര്‍ച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്‌സാണ്ടര്‍ മെന്‍ഡസ് ആല്‍വെസുമായുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗില്‍ നിന്നാണ് 29 വയസ്സുകാരനായ ഈ കളിക്കാരന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
പോര്‍ച്ചുഗലിലെ കൊയിമ്പ്രയില്‍ ജനിച്ച ഈ 29 കാരനെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങില്‍ അതിവേഗത്തില്‍ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാന്‍ കഴിവുള്ള ടിയാഗോ ആല്‍വെസ്, ഒരു സെന്റര്‍ ഫോര്‍വേഡായും അല്ലെങ്കില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും തന്റെ മികവ് കളത്തില്‍ തെളിയിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ പ്രശസ്തമായ സ്‌പോര്‍ട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെന്‍സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് ഫുട്‌ബോള്‍ പഠനം ആരംഭിച്ചത്.