ആദ്യത്തെ 10 വരി പാത ചെന്നൈ നഗരത്തിന് സ്വന്തം; 132.87 കിലോമീറ്റർ ദൂരം, 12,301 കോടി രൂപ ചെലവ്
ചെന്നൈ ∙ നഗരത്തിന് പുതുവത്സര സമ്മാനമായി, ചെന്നൈ പെരിഫെറൽ റിങ് റോഡ് ജനുവരിയിൽ തുറക്കും. മഹാബലിപുരത്തുനിന്ന് കാട്ടുപ്പള്ളി തുറമുഖം വരെ നീളുന്ന 132.87 കിലോമീറ്റർ പാത സംസ്ഥാനത്തെ ആദ്യ 10 വരി പാതയാണ്. 5 ഘട്ടങ്ങളിലായി നിർമാണം പുരോഗമിക്കുന്ന പാതയുടെ തിരുവള്ളൂർ ബൈപാസ് മുതൽ ശ്രീപെരുംപുത്തൂർ വരെയുള്ള 3–ാം ഘട്ടവും ശ്രീപെരുംപുത്തൂർ മുതൽ സിംഗപെരുമാൾ കോവിൽ വരെയുള്ള 4–ാം ഘട്ടവും 98 ശതമാനത്തോളം പൂർത്തിയായി. അതോടൊപ്പം താച്ചൂർ മുതൽ തിരുവള്ളൂർ ബൈപാസ് വരെ നീളുന്ന രണ്ടാം ഘട്ടത്തിന്റെയും സിംഗപെരുമാൾ കോവിൽ മുതൽ മഹാബലിപുരം വരെയുള്ള 5–ാം ഘട്ടത്തിന്റെയും നിർമാണം വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു. 12,301 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണച്ചുമതല സംസ്ഥാന ഹൈവേ വിഭാഗത്തിനാണ്.