ഇനി തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട; ആശ്വാസ പ്രഖ്യാപനവുമായി റെയിൽവേ, മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി
കൊച്ചി: ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു(66609-10) ട്രെയിനിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. 8 കോച്ചുകളില്‍ നിന്ന് 12 കോച്ചുകളായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം 23 മുതലാണ് പുതിയ കോച്ചുകള്‍ എത്തുക.
മൂവായിരത്തിലധികം ആളുകളാണ് 610 സീറ്റുള്ള പാലക്കാട്-എറണാകുളം മെമുവില്‍ ദിവസവും തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്.
നാല് കോച്ചുകൾ കൂടി അധികമായി ഉൾപ്പെടുത്തുന്നതോടെ 300 സീറ്റ് കൂടുതൽ കിട്ടും. 900 പേർക്ക് ഇരുന്നു യാത്ര ചെയ്യാനാകും. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനിൽ നിലവിൽ വൻ യാത്രാത്തിരക്കാണ് അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതിനാൽ തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിൻ കൂടിയാണിത്.
രാവിലെ 7.20നു പാലക്കാട് നിന്നു പുറപ്പെടുന്ന ട്രെയിൻ 11.15ന് എറണാകുളം ജംഗ്ഷനിലെത്തും. പാലക്കാട്-എറണാകുളം മെമുവിനു പുറമേ, കൊല്ലം-എറണാകുളം, കൊല്ലം-കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കുമെന്ന് റെയില്‍വേ അറിയിച്ചു.