‘സഖ്യ രാഷ്ട്രങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തയാർ, രാജ്യങ്ങൾ പിന്തുണ ആവശ്യപ്പെട്ടാൽ സഹായിക്കും’; ഫ്രാൻസ് വിദേശകാര്യ മന്ത്രി
സഖ്യ രാഷ്ട്രങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തയാറെന്ന് ഫ്രാൻസ്. രാജ്യങ്ങൾ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടാൽ സഹായിക്കുമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്. മധ്യപൂർവേഷ്യയിൽ നാല് ലക്ഷം ഫ്രഞ്ച് പൗരന്മാരുണ്ടെന്നും ഫ്രാൻസ്. വാണിജ്യ, സൈനിക വിമാനങ്ങൾ ഉപയോഗിച്ച് പൗരൻമാരെ തിരിച്ചെത്തിക്കാൻ തയാറെന്നും ഫ്രാൻസ് അറിയിച്ചു.
ഇറാൻ്റെ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മിസൈലുകളും ഡ്രോണുകളും മനഃപൂർവം ലക്ഷ്യംവെച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ്, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം മധ്യപൂർവേഷ്യൻ സംഘർഷത്തിൽ സൗദി അരാംകോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചൈനീസ് റിഫൈനറി അടച്ചുപൂട്ടി. ചൈനയിലെ സെജിയാങ് പെട്രോകെമിക്കൽ കോർപ്പറേഷൻ ആണ് റിഫൈനറി അടച്ചുപൂട്ടിയത്. പ്രതിദിനം രണ്ട് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള യൂണിറ്റ് ആണ് ഇത്. ചൈനയിലെ ഏറ്റവും വലിയ റിഫൈനറിയാണ് സെജിയാങിന്റെത്.