രാജ്യവും കുടുംബം പോലെ കെട്ടുറപ്പോടെ സംരക്ഷിക്കണം: പ്രതിസന്ധിക്കിടയിലും പള്ളികളിൽ ഒത്തുകൂടി വിശ്വാസികൾ
ദുബായ് ∙ കുടുംബത്തിലും സമൂഹത്തിലും സന്തോഷം പരത്തുന്നവരാകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് പെരുന്നാൾ ദിനത്തിലെ ഖുതുബ. കുടുംബ വർഷമായി ആചരിക്കുന്ന 2026ൽ രാഷ്ട്രം ഒരു കുടുംബ പോലെ കെട്ടുറപ്പുള്ളതായി സംരക്ഷിക്കണമെന്നും ഇമാമുമാർ പറഞ്ഞു. കുടുംബത്തിന്റെ മഹത്വവും അർഥവും സമൂഹത്തിനു ബോധ്യപ്പെടാൻ വേണ്ടിയാണ് കുടുംബ വർഷമായി ആചരിക്കുന്നത്. ബന്ധങ്ങളും മൂല്യങ്ങളും ഇഴചേർന്ന ഉലായാത്ത ഉടമ്പടിയാണ് കുടുംബം. കാറ്റിലും കോളിലും കുടുംബത്തിന്റെ അടിക്കല്ലിന് ഇളക്കം തട്ടരുത്. കൂറ്റൻ കെട്ടിടം പോലെ കുടുംബം തലയെടുപ്പോടെ നിലകൊള്ളണമെന്നും അവർ പറഞ്ഞു.
രാജ്യം എന്ന കുടുംബത്തിന് ആദരം അർപ്പിക്കേണ്ട സമയമാണിതെന്നും രാഷ്ട്ര കുടുംബം ശക്തിയും ഐക്യവും എടുത്തുകാണിക്കുന്ന സന്ദർഭമാണിതെന്നും പറഞ്ഞു. വെല്ലുവിളികളിൽ ഉലയാതെ നിൽക്കുകയാണ് രാജ്യം. രാഷ്ട്ര നായകർ കാര്യങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നു. രാഷ്ട്ര നായകർ അനുകമ്പയുള്ള പിതാവിനെപ്പോലെ പരിരക്ഷകനാകി പൗരന്മാരെയും പ്രവാസികളെയും സമാധാനിപ്പിക്കുന്നു. അവരെ ശുഭാപ്തി വിശ്വാസത്തിലേക്കു നയിക്കുന്നു. ഈ നാട്ടിലുള്ളവർ ഒരുവീട്ടിലെ മക്കളെപ്പോലെ പരസ്പരം സ്നേഹവും അനുകമ്പയും പ്രകടിപ്പിച്ചു രാഷ്ട്ര നേതൃത്വത്തിനൊപ്പം ഒരു കെട്ടിടം പോലെ നാം ഉറച്ചു നിൽക്കണം.
കര, നാവിക, വ്യോമ വഴിയുള്ള ആക്രമണം യുഎഇ ചെറുക്കും. അസൂയാലുക്കളുടെയും കിംവദന്തികൾ പ്രചരിപ്പിക്കുന്നവരുടെയും തന്ത്രങ്ങൾ പാളിപ്പോകും. ' വഞ്ചകരുടെ തന്ത്രങ്ങൾ അല്ലാഹു ലക്ഷ്യം കാണിക്കില്ലെന്ന 'ഖുർആൻ സൂക്തം പാരായണം ചെയ്ത് ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പെരുന്നാൾ നമസ്കാരത്തിന് പുലർച്ചെ പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അറിയിപ്പ് മൊബൈൽ സന്ദേശമായി ലഭിച്ചിരുന്നു. പ്രതിസന്ധികൾ വകവയ്ക്കാതെ വിശ്വാസികൾ പള്ളികളിലേക്ക് പ്രവഹിച്ചു.