ഇന്ത്യ-ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; ഡൽഹി - ബീജിംഗ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ന്യൂഡൽഹി: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമയാന മേഖലയിൽ നിർണ്ണായക മാറ്റങ്ങൾ. എയർ ചൈന ഡൽഹിയിൽ നിന്നും ബീജിംഗിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഈ വിവരം അറിയിച്ചത്.
ഇത് വെറുമൊരു യാത്ര മാത്രമല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണെന്നും അവർ കുറിച്ചു.
എയർ ചൈനയ്ക്ക് പുറമെ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ഡൽഹി - ഷാങ്ഹായ് റൂട്ടിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാനക്കമ്പനിയായി ഇതോടെ ഇൻഡിഗോ മാറും. കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യയും ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാങ്ഹായ് - ഡൽഹി സർവീസുകൾ പുനരാരംഭിച്ചിരുന്നു.