പ്രധാനമന്ത്രിയുടെ 'യങ് ഫ്രണ്ട്'; ലോക് കല്യാൺ മാർഗിൽ സന്ദർശകനായ ഓമിയുടെ ചിത്രവുമായി മോദി
സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ തന്റെ 'യങ് ഫ്രണ്ടിനെ' പരിചയപ്പെടുത്തുകയാണ് മോദി. നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാറിന്റെ കൊച്ചുമകൻ നീയോം അശ്വിൻ കൃഷ്ണ എന്ന ഓമിയാണ് ചിത്രത്തിൽ
ലോകനേതാക്കൾ ഉൾപ്പെടെ സന്ദർശകരായി വരാറുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഇങ്ങനെ കയ്യിലിരിക്കുന്ന സന്ദർശകർ കുറവായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ തന്റെ 'യങ് ഫ്രണ്ടിനെ' പരിചയപ്പെടുത്തുകയാണ് മോദി. നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാറിന്റെ കൊച്ചുമകൻ നീയോം അശ്വിൻ കൃഷ്ണ എന്ന ഓമിയാണ് ചിത്രത്തിൽ. മകൾ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും മകൻ. ഭാര്യക്കും മക്കൾക്കും മരുമകനും കൊച്ചുമകനുമൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച ചിത്രങ്ങളും വിശേഷങ്ങളും ഇന്ന് രാവിലെ കൃഷ്ണകുമാർ പങ്കിട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സന്ദർശകന്റെ ചിത്രം നരേന്ദ്ര മോദി പോസ്റ്റ് ചെയ്തത്. കുഞ്ഞുടുപ്പും ഷൂവും ഇട്ട് താൻ ആരുടെ കയ്യിലാണുള്ളത് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞ് ഓമി ബേബിയുടെ മുഖത്തെ നിഷ്കളങ്കതയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
തങ്ങളുടെ ഓമിയെ കണ്ട അത്ഭുതം കമന്റ് ബോക്സിൽ കൃഷ്ണകുമാർ കുടുംബം പങ്കിടുന്നുണ്ട്. ഓമിയുടെ അച്ഛനമ്മമാരും, മുത്തച്ഛനും മുത്തശ്ശിയും വല്യമ്മയും ചെറിയമ്മമാരും, എന്തിനേറെ പറയുന്നു, ഓമി ബേബിയുടെ ഫാൻസ് ആയ സകലരും കമന്റിൽ അത്ഭുതംകൂറി. "ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് കൃഷ്ണകുമാർ.