സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന്‍ രാത്രി ബിജെപി, ഗുരുതര ആരോപണം
തൃശൂര്‍: മണലൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ടിഎന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ബിജെപിയുമായി പ്രതാപന്‍ ഒത്തുകളിച്ചു എന്നാണ് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പികെ ഫിറോസ് ആരോപിച്ചത്. എല്‍ഡിഎഫ് വേദിയില്‍ എത്തിയാണ് ഫിറോസിന്റെ ആരോപണം.
സുരേഷ് ഗോപിയില്‍ നിന്ന് എട്ട് കോടി രൂപ ടിഎന്‍ പ്രതാപന്‍ കൈപ്പറ്റി. നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാനാണ് പണം വാങ്ങിയത്. രാവിലെ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ് പ്രതാപന്‍. കോടികളുടെ ഇടപാടാണ് ബിജെപിയുമായി പ്രതാപന്‍ നടത്തിയത്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തോറ്റതിന് കാരണം പ്രതാപനാണ് തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഫിറോസ് ഉന്നയിച്ചു.
കഴിഞ്ഞ ദിവസം നാട്ടികയില്‍ കിറ്റ് വിവാദം ഉയര്‍ന്നിരുന്നു. വോട്ടിന് പകരം ബിജെപി കിറ്റ് വിതരണം ചെയ്തു എന്നായിരുന്നു ആരോപണം. സാരി വിതരണം ചെയ്തു, കിറ്റ് കൊടുക്കുന്നു, ഇനി ആംബുലന്‍സില്‍ പണം എത്തിക്കും എന്നായിരുന്നു ടിഎന്‍ പ്രതാപന്‍ പ്രതിഷേധത്തിനിടെ ആരോപിച്ചത്. എന്നാല്‍ ഇതെല്ലാം പ്രതാപന്റെ നാടകമാണ് എന്ന് ഫിറോസ് പറയുന്നു.