താനൂരിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി ലിയാൻഡർ പേസ്; എൻഡിഎ സ്ഥാനാർഥിക്കൊപ്പം റോഡ് ഷോ
താനൂർ: എൻ.ഡി.എ. സ്ഥാനാർത്ഥി ദീപ പുഴയ്ക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ടെന്നീസ് താരം ലിയാൻഡർപേസ് താനൂരിൽ റോഡ് ഷോ നടത്തി. ഫിഷറീസ് സ്‌കൂളിൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം ബ്ലോക്ക് ജങ്ഷൻ മുതൽ താനൂർ നഗരം ചുറ്റി ജങ്ഷൻ വരെയാണ് സ്ഥാനാർഥിയോടൊപ്പം റോഡ്‌ഷോ നടത്തിയത്.
കാലിക്കറ്റ് സർവകലാശാലാ മുൻ വി.സി.യും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. കെ. അബ്ദുൽസലാം ലിയാൻഡർപേസിന്റെ കൂടെയുണ്ടായിരുന്നു. ഗവ. ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിൽ ലിയാൻഡർപേസിനെ സ്ഥാനാർഥി ദീപ പുഴയ്ക്കൽ, കെ. ജനചന്ദ്രൻ, പി.ടി. ആലിഹാജി, പ്രതീഷ്, പ്രിയേഷ് കാർക്കോളി, സി. പ്രവീൺ, ഉണ്ണി ഒഴൂർ, വി. സുനിൽകുമാർ, കെ. കൃഷ്ണകുമാർ, ഗിരീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
പിന്നീട് നടന്ന റോഡ് ഷോയിൽ നിരവധി പേർ അണിനിരന്നു. ഏരിയാ പ്രസിഡന്റ് ടി.വി. ഷൈജു, ടി.വി. അഭിലാഷ്, ദിബീഷ് ചിറയ്ക്കൽ, പി. കൃഷ്ണൻ, ഹനീഫ, ടി.പി. സുമിത എന്നിവർ നേതൃത്വം നൽകി.