ചരിത്രത്തിൽ ഇന്നു വരെ ലോകം നേരിട്ടിട്ടില്ലാത്ത എണ്ണ, വാതക പ്രതിസന്ധി; വിവരണാതീതം
ദുബായ് ∙ ചരിത്രത്തിൽ ഇന്നു വരെ ലോകം നേരിട്ടിട്ടില്ലാത്ത എണ്ണ, വാതക പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് രാജ്യാന്തര ഊർജ ഏജൻസി തലവൻ ഫാതിഹ് ബൈറോൾ പറഞ്ഞു. 1973, 1979, 2002 വർഷങ്ങളിലെ ഇന്ധനക്ഷാമമാണ് ഇതുവരെ ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധി. എന്നാൽ, ഹോർമൂസ് കടലിടുക്ക് അടച്ചതോടെ, ഇത്രയും പ്രത്യാഘാതമുണ്ടാക്കുന്ന ക്ഷാമം ലോകത്ത് ആദ്യമാണ്.
യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ഊർജ പ്രതിസന്ധിയിലാണ്. വികസ്വര രാജ്യങ്ങളിലെ പ്രതിസന്ധി വിവരണാതീതമാണ്. പെട്രോളിലും ഗ്യാസിനും വൻതുക ചെലവഴിക്കേണ്ടി വരും. ഭക്ഷണ വിലയും ക്രമാതീതമായി ഉയരും. അതിവേഗം സാമ്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്തുമെന്നും ബൈറോൾ പറഞ്ഞു.
രാജ്യത്തെ വാർത്താ വിനിമയ സംവിധാനത്തിനു നേരെ വീണ്ടും ഇറാൻ ആക്രമണം. ഷാർജ തുറയ്യ ടെലികമ്യൂണിക്കഷൻ കമ്പനിയുടെ ഓഫിസ് ഇന്നലെ വീണ്ടും ആക്രമിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് തുറയ്യ ടെലി കമ്യൂണിക്കേഷൻ ആക്രമിക്കപ്പെടുന്നത്. ഇന്നലത്തെ ആക്രമണത്തിൽ 2 പാക്കിസ്ഥാൻ പൗരന്മാർക്ക് പരുക്കേറ്റു. 1 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണുകളുമാണ് ഇന്നലെ യുഎഇയിൽ ആക്രമണം നടത്തിയത്. ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ ഇന്നലെ രാവിലെ താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് താൽക്കാലികമായി അടച്ചത്. ഇരു രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള പാലമാണ് കിഫ് ഫഹദ് കോസ്‌വേ.
ബഹ്റൈനിൽ വിമാന സർവീസ് ഇല്ലാത്തതിനാൽ, സൗദിയിൽ ഇറങ്ങിയ ശേഷം ആളുകൾ റോഡ് മാർഗം ബഹ്റൈനിലേക്കു പോകുന്നതും ഈ വഴിയാണ്. ബഹ്റൈൻ പുറം ലോകവുമായി കരമാർഗം ബന്ധിപ്പെടുന്നതും ഈ പാലം വഴിയാണ്. സൗദിയിൽ ഇന്നലെ 18 തവണ ഡ്രോൺ ആക്രമണവും 7 ബാലിസ്റ്റിക് മിസൈൽ ആക്രമണവും നടന്നു. ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങൾ ഊർജോൽപാദന പ്ലാന്റിനു സമീപം വീണു. പ്ലാന്റിനു നാശനഷ്ടങ്ങളുണ്ട്. ബഹ്റൈനിൽ 9 ഡ്രോണുകൾ ആക്രമണം നടത്തി.