Select Location
All Locations
State
Region
City / District
'കെ സി നയിക്കണം കേരളത്തെ' വേണുഗോപാലിനായി വൻ കോൺഗ്രസ് സൈബർ കാംപയിൻ

'കെ സി നയിക്കണം കേരളത്തെ' വേണുഗോപാലിനായി വൻ കോൺഗ്രസ് സൈബർ കാംപയിൻ

കഴിഞ്ഞ ആഴ്ചവരെ രമേശ് ചെന്നിത്തല നയിക്കണം എന്ന് പരസ്യമായി ആവശ്യപ്പെട്ട സുധാകരന്റെ മനം മാറ്റത്തിനു പിന്നാലെയാണ് ഇത്തരമൊരു കാംപയിൻ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ 18 ദിവസങ്ങൾ മാത്രം ശേഷിക്കെ, കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാലിനായി വമ്പൻ സൈബർ കാംപയിൻ. മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ മുതൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായ വൈഷ്ണ സുരേഷ് വരെയുള്ളവരാണ് കെ സിക്കായി സോഷ്യൽ മീഡിയയിൽ വാദിക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ രമേശ് ചെന്നിത്തല നയിക്കണം എന്ന് പരസ്യമായി ആവശ്യപ്പെട്ട സുധാകരന്റെ മനം മാറ്റത്തിനു പിന്നാലെയാണ് ഇത്തരമൊരു കാംപയിൻ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ സി കേരളത്തെ നയിക്കാൻ ദിശാബോധമുള്ള നേതാവാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി സുധാകരനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം ശക്തമായതോടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയിലായി സുധാകരൻ. ഇതിനു പിന്നാലെയാണ് മറ്റുള്ളവരും കെ സിയെ പിന്തുണച്ച് രംഗത്തുവന്നത്. തിരഞ്ഞെടുപ്പ് സമയത്തും അതിനുശേഷവും യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ ഉണ്ടായപ്പോൾ മുതിർന്ന നേതാക്കൾ ഇടപെടുകയും അത്തരം ചർച്ചകളൊക്കെ തിരഞ്ഞെടുപ്പിനുശേഷം മതിയെന്നും നിലപാടെടുത്തിരുന്നു. പിണറായി സർക്കാരിനെ താഴെയിറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പറഞ്ഞാണ് സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ചർച്ചകൾ അവസാനിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വീണ്ടും ചർച്ചകൾ‌ സജീവമാകുകയായിരുന്നു.


News18Kerala 1 hour ago
Home Flash News