കുടിവെള്ള ക്ഷാമവും ചൂടും വർധിച്ചു, ക്ഷീരകർഷകർ ദുരിതത്തിൽ
കുടിവെള്ള ക്ഷാമവും ചൂടും വർധിച്ചതോടെ പാലിന്റെ കുറവ് കാരണം ക്ഷീരകർഷകർ ദുരിതത്തിൽ. മിൽമ സഹകരണ സംഘത്തിൽ പാൽ അളക്കുന്നത് 30 ശതമാനം കുറഞ്ഞതായി സംഘം ജീവനക്കാർ പറയുന്നു. സൊസൈറ്റികൾ പ്രതിദിനം 500 മുതൽ 1500 ലീറ്റർ വരെ പാൽ അളന്നിരുന്നെങ്കിൽ ഇപ്പോൾ 300 ലീറ്ററിൽ കൂടുതൽ പാൽ എത്താത്ത അവസ്ഥയിലാണ്. 50 വരെ പശുക്കളെ വളർത്തിയിരുന്ന ഫാമുകളിൽ പശുക്കളുടെ എണ്ണം ഇരുപതായി കുറഞ്ഞു. കടുത്ത ചൂട് ആയതിനാൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലേക്കു പോലും പശുക്കളെ അഴിച്ചുകെട്ടാൻ കഴിയുന്നില്ല. ചൂടു കൂടിയതോടെ തീറ്റ തിന്നാനും മടിക്കുന്നതായി കർഷകർ പറയുന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന വൈക്കോലിന് 350 രൂപ മുതൽ 400 രൂപ വരെ വില നൽകണം.
പലപ്പോഴും മിൽമ നൽകുന്ന ഇളവുകൾ കർഷകർക്ക് ഉപകാരമാകുന്നില്ല. കാലിത്തീറ്റയുടെ വിലവർധന ഉൾപ്പെടെ ഉയർന്ന ചെലവ്, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം ക്ഷീരകർഷകർക്ക് പ്രതിസന്ധിയാണ്. പാലിന്റെ വില ലീറ്ററിന് 5 രൂപ മുതൽ 6 രൂപ വരെ വർധിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം അവസാനം മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൊല്ലത്തു നടന്ന ‘പടവ് ’ എന്ന ക്ഷീര സംഗമത്തിൽ വില കൂട്ടുന്നത് പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനവും നടന്നില്ല വില കൂട്ടിയതുമില്ല. ഇതിനിടയിൽ കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയരുകയും ചെയ്തെന്നും കർഷകർ പറയുന്നു. ചൂട് കൂടുന്നു, വളർത്തു മൃഗങ്ങളെയും കരുതലോടെ നോക്കാം