മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ മാറ്റി
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ മാറ്റി. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ പ്രോസിക്യൂട്ടർ ബാർ കൗൺസിൽ ഇലക്ഷനിൽ സ്ഥാനാർഥിയായി മത്സരിക്കാൻ നിൽക്കുന്നത് കാരണം സാക്ഷികളെ പഠിപ്പിക്കുവാൻ സമയം ലഭിക്കില്ല എന്ന കാരണം കാട്ടിയാണ് കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ച കോടതി കേസിൻ്റെ പുതിയ വിചാരണ തീയതി ഇന്ന് തീരുമാനിക്കും. ബാർ കൗൺസിൽ ഇലക്ഷൻ നടക്കുന്നത് ഏപ്രിൽ 17ന് ആണ്. കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിലുമായി 68 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ 16ന് ആരംഭിക്കുന്ന സാക്ഷി വിസ്താരവും മേയ് 22ന് അവസാനിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 37 ദിവസം നീണ്ടുനില്‍ക്കുന്ന സാക്ഷിവിസ്താരത്തില്‍ പ്രോസിക്യൂഷന്‍ 100 സാക്ഷികളുടെ പട്ടികയാണ് നല്‍കിയിട്ടുളളത്.
37 ദിവസത്തിനകം കോടതി 100 സാക്ഷികളെയും വിസ്തരിക്കും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെണ്‍ സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് കെ.എം.ബഷീര്‍ മരിച്ചത്.