'606 കോടി ചിലവാക്കാതെ വെച്ചിരിക്കുന്നതെന്തിന്? ഒരു കോടി വച്ച് നൽകിയാലും ബാക്കി', സർക്കാർ കൊള്ളയെന്ന് രാജു
വയനാട് ദുരന്ത പുനരധിവാസത്തിന്റെ മറവിൽ സമാനതകളില്ലാത്ത കൊള്ളയാണ് സർക്കാർ നടത്തിയിട്ടുളളതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാജു പി നായർ. ടൗണ്‍ഷിപ്പ് ഉദ്ഘാടനം നടത്തിയപ്പോൾ 5 വീടുകൾ പോലും പൂർത്തിയായിട്ടില്ലെന്നും താമസയോഗ്യമല്ലാത്ത വീടുകളുടെ താക്കോൽ കൈമാറ്റം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജു പി നായർ ആവശ്യപ്പെടുന്നു.
774 കോടിയോളം രൂപയിൽ നിന്ന് 167 കോടി മാത്രമാണ് വയനാടിന് വേണ്ടി ചിലവാക്കിയതെന്നും എന്തിനാണ് 606 കോടി രൂപ ചിലവാക്കാതെ വെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ചോദിക്കുന്നു.
രാജു പി നായരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' വയനാട് ദുരന്തത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ച പണത്തെ സംബന്ധിച്ചും ദുരിതാശ്വാസത്തെ കുറിച്ചും ഉത്തരങ്ങൾ നൽകാൻ ബാധ്യസ്ഥമായ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചു സമ്മർദ്ദത്തിലാക്കാതെ പ്രതിപക്ഷ പാർട്ടിയെ വിമർശനത്തിന്റെ കൂരമ്പുകൾ എയ്ത കേരളത്തിലെ മാധ്യമങ്ങൾ സത്യത്തിൽ ചെയ്തത് ചൂരൽമല - മുണ്ടക്കൈ ദുരിത ബാധിതരോടുള്ള കടുത്ത വഞ്ചനയാണ്. ഒരു അധികാരവും ഇല്ലാത്ത പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സ്വമേധയാ ഏറ്റെടുക്കുന്ന സന്നദ്ധ പ്രവർത്തനത്തിന്റെ പോരായ്മകൾക്ക് പുറമെ നടന്ന് ലോകമെമ്പാടുമുള്ള ജനങ്ങളും ഇതര സർക്കാരുകളും എം.പി.മാറും എം.എൽ.എ. മാരും നൽകിയ പൊതുപണത്തിന്റെ അക്കൗണ്ടബിലിറ്റിയിൽ നിന്ന് ഈ സർക്കാരിനെ രക്ഷിച്ചെടുക്കുകയായിരുന്നു സംഭവിച്ചത്.