Select Location
All Locations
State
Region
City / District
തുറന്ന ഹോർമുസ് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അടച്ച് ഇറാൻ; നടപടി US ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ച്

തുറന്ന ഹോർമുസ് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അടച്ച് ഇറാൻ; നടപടി US ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ച്

ടെഹ്‌റാൻ: ലെബനനിലെ 10-ദിന വെടിനിർത്തൽ നിലവിൽ വന്നതോടെ തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അടച്ച് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം യുഎസ് തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഈ സുപ്രധാന ജലപാത ഇറാൻ വീണ്ടും അടച്ചത്.

ലെബനനിൽ വെടിനിർത്തൽ കരാറായതിനെ തുടർന്ന് വെള്ളിയാഴ്ച ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തിരുന്നു. എന്നാൽ, ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകാത്തതിനെ തുടർന്ന് ശനിയാഴ്ച ഇറാൻ ഈ പാത വീണ്ടും അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപിക്കുന്ന ഇറാൻ സൈന്യം, മേഖലയിൽ കർശനമായ നിരീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുത്തു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നും പാതയുടെ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം ഇപ്പോൾ കർശനമായ നിയന്ത്രണത്തിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാനുമായുള്ള ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 100 ശതമാനം പൂർണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഇനി ഒരിക്കലും ഈ കടലിടുക്ക് അടയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഇനി ഐആർജിസി അനുമതി നൽകുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഈ കപ്പലുകൾ നിശ്ചിത ടോൾ നൽകണമെന്നും ഇറാന്റെ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്. ഫെബ്രുവരി 28 മുതൽ ഏകദേശം 47 ദിവസത്തോളം ഈ പാത തടസപ്പെട്ടത് ആഗോള എണ്ണവില കുത്തനെ ഉയരാൻ കാരണമായിരുന്നു. ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് തുറന്നിടില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ ഇറാൻ-അമേരിക്ക പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.


Mathrubhumi News 1 hour ago
Home Flash News