Select Location
All Locations
State
Region
City / District
‘ഭൂമി വാങ്ങി പത്തു ദിവസത്തിനുള്ളിൽ പണി തുടങ്ങുമെന്ന് പറഞ്ഞവർക്ക് ഇപ്പോൾ പണമില്ല’; കോൺഗ്രസ് കല്ലിട്ടത് പ്ലാനും അപ്രൂവലുമില്ലാതെയെന്ന് മന്ത്രി കെ. രാജൻ

‘ഭൂമി വാങ്ങി പത്തു ദിവസത്തിനുള്ളിൽ പണി തുടങ്ങുമെന്ന് പറഞ്ഞവർക്ക് ഇപ്പോൾ പണമില്ല’; കോൺഗ്രസ് കല്ലിട്ടത് പ്ലാനും അപ്രൂവലുമില്ലാതെയെന്ന് മന്ത്രി കെ. രാജൻ

കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനങ്ങളുമായി റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്ന കാര്യത്തിൽ പ്ലാനോ അപ്രൂവലോ ഇല്ലാതെ വെറും കല്ലിടൽ നാടകം മാത്രമാണ് കോൺഗ്രസ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് തന്നെ ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ ഒരു പ്ലാൻ അപ്രൂവൽ ലഭിക്കാൻ മണിക്കൂറുകൾ മാത്രം മതി എന്നിരിക്കെ, യാതൊരുവിധ പ്ലാനോ അപ്രൂവലോ എടുക്കാതെയാണ് കോൺഗ്രസ് വീടുകൾക്കായി കല്ലിട്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാർച്ച് 27-ന് ഇത്തരത്തിൽ കല്ലിട്ടതല്ലാതെ അവിടെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങി പത്ത് ദിവസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചവർക്ക് ഇപ്പോൾ പണമില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന് മന്ത്രി പരിഹസിച്ചു. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, പണി തുടങ്ങാതിരിക്കുന്നതിനെക്കുറിച്ച് പൊതുസമൂഹത്തോട് മറുപടി പറയേണ്ട ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുമാസം മുമ്പ് പണി തുടങ്ങിയെന്നും ജനുവരി ഒന്നിന് തന്നെ ഭൂമി ആവശ്യപ്പെട്ട് കത്ത് നൽകിയെന്നുമുള്ള പ്രതിപക്ഷ നേതാക്കളുടെ വാദം മന്ത്രി തള്ളി. ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ താനാണ് കാര്യങ്ങൾ വിശദീകരിച്ചതെന്നും, ഒറ്റ ഏജൻസി വഴി വീടുകൾ നിർമ്മിക്കുന്നതാണ് നല്ലതെന്ന് അന്ന് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തന്നെ പണം കൊടുത്തു വാങ്ങിയ ഭൂമിയിലാണ് നിലവിൽ വീടുകൾ പണിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലീഗ് സ്വന്തമായി സ്ഥലം വാങ്ങി നിർമ്മാണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോൾ, കോൺഗ്രസിന് അതിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായോ എന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒറ്റ ഏജൻസി മതി എന്ന തീരുമാനത്തിൽ ലീഗ് ഉൾപ്പെടെയുള്ളവർ അന്ന് സംശയങ്ങൾ ഉന്നയിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.


Kairali News 15 hours ago
Home Flash News