അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ; മുഖ്യമന്ത്രി ചർച്ചകൾക്ക് വിലക്കുമായി കെപിസിസി
സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നു. മുഖ്യമന്ത്രി ചർച്ചകൾ വിലക്കി കെപിസിസി. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ കോൺഗ്രസിൽ ശക്തമാവുന്നതിനെ തുടർന്നാണ് കെപിസിസിയുടെ അറിയിപ്പ്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുള്ളതല്ലെന്നും അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്ത പക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു.
ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.