Select Location
All Locations
State
Region
City / District
2 മണിക്കൂർ യാത്ര 10 മിനിറ്റിൽ! ഇത് ചരിത്രനിമിഷം, പുതുയുഗം; ആകാശപ്പാതയിലൂടെ ഇനി 'പറക്കും ടാക്സികൾ’

2 മണിക്കൂർ യാത്ര 10 മിനിറ്റിൽ! ഇത് ചരിത്രനിമിഷം, പുതുയുഗം; ആകാശപ്പാതയിലൂടെ ഇനി 'പറക്കും ടാക്സികൾ’

ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിന്റെ ആകാശത്ത് ഒരു പുതിയ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന റോഡുകൾക്ക് മുകളിലൂടെ, ശബ്ദമില്ലാതെ, പുകയില്ലാതെ പറക്കുന്ന ഇലക്ട്രിക് ടാക്സികൾ യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വ്യോമയാന കമ്പനിയായ 'ജോബി ഏവിയേഷൻ', പോർട്ട് അതോറിറ്റി ഓഫ് ന്യൂയോർക്കുമായി സഹകരിച്ച് നടത്തിയ ആദ്യത്തെ ഇലക്ട്രിക് എയർ ടാക്സി പരീക്ഷണ പറക്കൽ വൻ വിജയമായിരിക്കുന്നു. ഭാവിയുടെ യാത്രാമാർഗമായി വിശേഷിപ്പിക്കപ്പെടുന്ന ഇവിടിഒഎൽ (Electric Vertical Takeoff and Landing) വിമാനങ്ങൾ, നഗരങ്ങളിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ന്യൂയോർക്കിലെ മാൻഹാട്ടനിൽ നിന്ന് ജോൺ എഫ് കെന്നഡി ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും ഒരു വെല്ലുവിളിയാണ്. റോഡ് മാർഗം ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ എടുക്കുന്ന ഈ ദൂരം, ജോബി ഏവിയേഷന്റെ ഇലക്ട്രിക് വിമാനങ്ങൾ വെറും 10 മിനിറ്റിനുള്ളിൽ പറന്നെത്തും. ഈ പരീക്ഷണ പറക്കലുകൾ വെറുമൊരു പ്രദർശനമല്ല, മറിച്ച് വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ സൂചനയാണ്. മാൻഹാട്ടനിലെ ഡൗൺടൗൺ സ്കൈപോർട്ട്, വെസ്റ്റ് 30-ാം സ്ട്രീറ്റ്, ഈസ്റ്റ് 34-ാം സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് ജെഎഫ്കെ എയർപോർട്ടിലേക്കുള്ള ഈ മിന്നൽ യാത്രകൾ നഗരത്തിലെ യാത്രാസംസ്കാരത്തെ തന്നെ മാറ്റിമറിക്കും.

∙ എന്താണ് ഇവിടിഒഎൽ (eVTOL) വിമാനങ്ങൾ? കാഴ്ചയിൽ ഭീമാകാരമായ ഒരു ഡ്രോണിനോട് സാമ്യമുള്ള ഇവയ്ക്ക് ഹെലികോപ്റ്ററുകളെപ്പോലെ കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കും. എന്നാൽ ഇവയ്ക്ക് ഒട്ടേറെ സവിശേഷതകളും ഉണ്ട്.

1. നിശബ്ദമായ പ്രവർത്തനം: പരമ്പരാഗത ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ഇവയ്ക്ക് ശബ്ദം വളരെ കുറവാണ്. ഇത് നഗരവാസികൾക്ക് ശല്യമില്ലാതെ സർവീസ് നടത്താൻ സഹായിക്കുന്നു.

 2. സീറോ എമിഷൻ: പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇവ കാർബൺ മലിനീകരണം ഉണ്ടാക്കുന്നില്ല.

 3. ശേഷി: ഒരു പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ച് പേർക്ക് ഒരേസമയം യാത്ര ചെയ്യാം.

 4. സാങ്കേതികവിദ്യ: പറന്നുയർന്ന ശേഷം, ഇതിലെ പ്രൊപ്പല്ലറുകൾ ചെരിയുകയും വിമാനം പോലെ മുന്നോട്ട് അതിവേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു.


Manorama News 2 days ago
Home Flash News