ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ ചെന്നവരെയും ബോംബിട്ടുകൊന്ന് ഇസ്രയേൽ; അപലപിച്ച് ലെബനൻ പ്രധാനമന്ത്രി
ഇസ്രയേലിന്റെ യുദ്ധവെറിയെ അപലപിച്ച് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം. ആക്രണത്തിൽ സിവിൽ ഡിഫൻസ് അടിയന്തര ജീവനക്കാരടക്കം കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. ഇസ്രയേലിന്റേത് “ഹീനമായ കുറ്റകൃത്യം” ആണെന്ന് ലെബനൻ പ്രധാനമന്ത്രി പറഞ്ഞു. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ഇരട്ട ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മജ്ദാൽ സൂണിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേൽ തുടർച്ചയായി രണ്ട് ആക്രമണങ്ങൾ നടത്തിയത്. കൊല്ലപ്പെട്ട അഞ്ച് പേരിൽ മൂന്നുപേർ രക്ഷാപ്രവർത്തകരാണ്. കെട്ടിടത്തിലുണ്ടായ ആദ്യ ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ പോയ രക്ഷാപ്രവർത്തകരാണ് രണ്ടാമത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് പ്രധാനമന്ത്രി സലാം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ, ഇസ്രയേലിന്റെ ഈ ഹീനമായ കുറ്റകൃത്യത്തെ അപലപിക്കുമെന്നും വെടിനിർത്തൽ കരാർ ഇസ്രയേൽ ഇനിയും ലംഘിക്കാതിരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെയും മാനുഷിക പ്രവർത്തകരെയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമം ഇസ്രയേൽ ലംഘിക്കുകയാണെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും പ്രതികരിച്ചു. തങ്ങളുടെ സേനയെയും രക്ഷാപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ഇസ്രയേലി ആക്രമണത്തിൽ രണ്ട് സൈനികർക്ക് കൂടി പരുക്കേറ്റതായി ലെബനൻ സൈന്യം അറിയിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഇസ്രയേലി ആക്രമണം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി പോവുകയായിരുന്ന സിവിൽ ഡിഫൻസ് പ്രവർത്തകർക്ക് അകമ്പടി സേവിക്കുകയായിരുന്ന ലെബനൻ സൈനിക പട്രോളിംഗിനെയാണ് ഇസ്രയേൽ സൈന്യം ആക്രമിച്ചത്. ഇസ്രയേലും ലെബനനും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ ഉണ്ടായിട്ടും, ഇസ്രയേലി സൈന്യം ദിനംപ്രതി വ്യോമാക്രമണങ്ങൾ നടത്തുന്നത് തുടരുകയാണ്. പ്രധാനമായും രാജ്യത്തിന്റെ തെക്കും കിഴക്കുമാണ് ആക്രമണങ്ങൾ ആവർത്തിക്കുന്നത്.