Select Location
All Locations
State
Region
City / District
ഹോര്‍മൂസില്‍ യാത്രാ ബോട്ടിനു നേരെ യു.എസ്. സേനയുടെ ആക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസില്‍ യാത്രാ ബോട്ടിനു നേരെ യു.എസ്. സേനയുടെ ആക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഹോര്‍മൂസ് കടലിടുക്കില്‍ യാത്രാ ബോട്ടിനുനേരെ അമേരിക്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറാണ് (ഐ.ആര്‍.ജി.സി) വിവരം പുറത്തുവിട്ടത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.


അമേരിക്കന്‍ കപ്പലുകളെ തടയാന്‍ ശ്രമിച്ച ഐ.ആര്‍.ജി.സി ബോട്ടുകളെ മുക്കിയതായി യു.എസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നിലെയാണ് വിശദീകരണവുമായി ഐ.ആര്‍.ജി.സി രംഗത്തുവന്നത്. ഇറാന്‍ സൈന്യത്തിന്റെ ബോട്ടുകള്‍ക്ക് നേരെയല്ല ആക്രമണം നടന്നതെന്നും യാത്രാബോട്ടുകള്‍ക്ക് നേരെയാണ് യു.എസ് സേനയുടെ ആക്രമണം നടന്നതെന്നുമാണ് ഇപ്പോള്‍ ഐ.ആര്‍.ജി.സി പുറത്തുവിട്ട വിവരം.

സംഭവത്തില്‍ ടെഹ്‌റാന്‍ അന്വേഷണം നടത്തിയിരുന്നതായി പേരു വെളിപ്പെടുത്താത്ത ഇറാന്‍ മിലിട്ടറി കമാന്‍ഡര്‍ പറഞ്ഞു. ഒമാനിലെ കസാബില്‍നിന്ന് ഇറാനിലേക്ക് യാത്രാക്കാരുമായി വരികയായിരുന്ന രണ്ടു യാത്രാബോട്ടുകളാണ് ആക്രമണത്തിനു ഇരയായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി. ആക്രമണത്തിനു അമേരിക്കയാണ് ഉത്തരവാദികളെന്നും കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ അമേരിക്കന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് കപ്പലുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിയന്‍ സായുധ ബോട്ടുകള്‍ അമേരിക്കന്‍ കപ്പലുകളെ പിന്തുടരുന്നതായും അവയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായും പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്.

നിലവിലെ സൈനിക നീക്കത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കരുനീക്കങ്ങളില്‍ ഒന്ന് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ആയുധശേഖരം മുമ്പത്തേക്കാള്‍ ശക്തമാണെന്നും ആവശ്യമാണെങ്കില്‍ ലോകത്തെവിടെയുമുള്ള സൈനിക താവളങ്ങളിലെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.


Kairali News 1 hour ago
Home Flash News