'പട നയിച്ചവൻ നാട് നയിക്കട്ടെ'; വി.ഡി. സതീശനായി രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും മുറവിളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും മുറവിളി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ നടത്തുന്ന സാഹചര്യത്തിലാണിത്.
'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്‌ളക്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു.
കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. ഇംഗ്ലീഷിലാണ് കമന്റുകളേറെയും. രാജസ്ഥാനിലേയും മധ്യപ്രദേശിലെയുംപോലെ ചെയ്യരുതെന്നും പാർട്ടിപ്രവർത്തകരുടെയും പൊതുജനത്തിന്റെയും മനസ്സ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തലും ചിലർ നടത്തിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം പറവൂരിലെത്തിയ വി.ഡി. സതീശനെ കാണാൻ എംഎൽഎമാർ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സതീശന് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
സർക്കാർ രൂപവത്കരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾ തുടങ്ങിയില്ലെങ്കിലും ഘടകകക്ഷി നേതാക്കൾ വി.ഡി. സതീശനുമായി അനൗദ്യോഗിക ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കൾ കഴിഞ്ഞദിവസം സതീശനുമായി ഫോണിൽ ബന്ധപ്പെട്ടു. കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി. നേതാവ് സി.പി. ജോൺ എന്നിവരും സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിലെ തർക്കം മുറുകുന്നതിനിടെയാണ് ഘടകകക്ഷി നേതാക്കൾ സതീശനെ കണ്ടത്. ലീഗ് സതീശനെ പിന്തുണയ്ക്കുന്നെന്ന് പരോക്ഷമായി വ്യക്തമാക്കിയിരുന്നു. മറ്റ് ഘടകകക്ഷികളും സതീശനോട് ആഭിമുഖ്യം പുലർത്തുന്നെന്നും സൂചനയുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയിൽ ഘടകകക്ഷികൾ നേരിട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഇടപെടില്ല. കോൺഗ്രസ് യോജിച്ച് ആരെ തീരുമാനിച്ചാലും അംഗീകരിക്കാമെന്നാണ് നിലപാട്.