Select Location
All Locations
State
Region
City / District
‘ഒന്നിനെ വളർത്താൻ മറ്റൊന്നിനെ തകർക്കരുത്’; കേരളത്തിൽ ഭരണമാറ്റം; ദീർഘദൂര സ്വകാര്യ ബസുകൾ വീണ്ടും ഓടുമോ?

‘ഒന്നിനെ വളർത്താൻ മറ്റൊന്നിനെ തകർക്കരുത്’; കേരളത്തിൽ ഭരണമാറ്റം; ദീർഘദൂര സ്വകാര്യ ബസുകൾ വീണ്ടും ഓടുമോ?

140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കേരളത്തിൽ കട്ടപ്പുറത്തായിട്ട് വർഷങ്ങളായി. സർക്കാർ നയം ചോദ്യം ചെയ്ത് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചു. ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നിഷേധിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കി. സർക്കാരും കെഎസ്ആർടിസിയും കൂടി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവച്ചു. നിലവിൽ സർക്കാരും കോടതിയും ഇതിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

ഒരു നാടിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ആ നാടിന്റെ ചലനശേഷിയെ (Mobility) ആശ്രയിച്ചിരിക്കുന്നു. പൊതുഗതാഗതം എന്നത് വെറുമൊരു യാത്ര സൗകര്യമല്ല, മറിച്ച് പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ഭദ്രതയുമുള്ള ഒരു നവകേരളത്തിന്റെ നട്ടെല്ലാണ്. വർദ്ധിച്ചുവരുന്ന ഇന്ധനവിലയും വാഹനപ്പെരുപ്പവും സൃഷ്ടിക്കുന്ന ശ്വാസംമുട്ടലിൽ നിന്ന് നമ്മുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും രക്ഷിക്കാൻ ശക്തമായ പൊതുഗതാഗത സംവിധാനം അനിവാര്യമാണ്. വ്യക്തിഗത വാഹനങ്ങൾ റോഡുകൾ കീഴടക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാൻ ബസ് സർവീസുകൾക്ക് സാധിക്കുന്നു. ഓരോ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ബസും നിരത്തിലിറങ്ങുമ്പോൾ അത് ഡസൻകണക്കിന് കാറുകളെയും ബൈക്കുകളെയുമാണ് റോഡിൽ നിന്ന് മാറ്റുന്നത്. ആധുനിക ലോകം സുസ്ഥിര വികസനത്തെക്കുറിച്ച് (Sustainable Development) സംസാരിക്കുമ്പോൾ, സ്വകാര്യ-പൊതു മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ മികച്ച യാത്രാസൗകര്യം ഒരുക്കുക എന്നത് പ്രധാനമാണ്.

കേരളത്തിലെ സാധാരണക്കാരുടെ യാത്രാമാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സ്വകാര്യ ബസുകൾ. എന്നാൽ, സർക്കാർ നയങ്ങളും നിയമങ്ങളും ഈ മേഖലയെ തകർച്ചയിലാക്കി. ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നൂറുകണക്കിന് തൊഴിലാളികളെയും സംരംഭകരെയുമാണ് പെരുവഴിയിലാക്കിയത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആർക്ക്? വികസനത്തിന്റെ പാതയിൽ കുതിക്കുന്ന കേരളത്തിന് പൊതുഗതാഗതവും സ്വകാര്യ ഗതാഗതവും ഒരേപോലെ അനിവാര്യമാണ്. ഒന്നിനെ തകർത്ത് മറ്റൊന്നിനെ വളർത്താൻ ശ്രമിക്കുന്നത്, ഓരോ സാധാരണക്കാരന്റെയും യാത്രാ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തിൽ, സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുകയും കെ.എസ്.ആർ.ടി.സി.ക്ക് കുത്തകാവകാശം നൽകുകയും ചെയ്യുന്ന നയം പുനപരിശോധിക്കേണ്ടത് തന്നെയാണ് . കേരളത്തിലെ ഗതാഗത മേഖലയിൽ കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും രണ്ട് കണ്ണുകൾ പോലെയാണ്. ഒന്നിനെ സംരക്ഷിക്കാൻ മറ്റൊന്നിനെ കുരുതി കൊടുക്കുന്നത് അപ്രായോഗികമാണ്. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണെങ്കിലും, അത് ഒരു സ്വകാര്യ മേഖലയെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടാകരുത് .


Manorama News 42 minutes ago
Home Flash News