'ഇതിനാണോ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു, വലിയ നിരാശ'; മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി
മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്‌ലിംലീഗിന് അതൃപ്തി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദാണ് പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘’ഇപ്പോൾ എട്ടുദിവസം നീണ്ടു. ഒരുപരിഹാരം പെട്ടെന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. നീണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ട്. മലപ്പുറത്തും പരിസരപ്രദേശത്തും ഞങ്ങളുടെ നിയമസഭാ സാമാജികരുടെ ആഹ്ലാദപ്രകടനമൊക്കെ അരങ്ങുതകർത്തിരുന്നു. അതിന്റെ മാറ്റ് വരെ കെടുത്തി. അണികൾക്ക് വലിയ നിരാശയാണ്. അണികളാണല്ലോ യുഡിഎഫിനെ ഈ നിലയിലെത്തിച്ചത്. അവർക്ക് നമ്മളോടെല്ലേ പറയാൻ പറ്റുകയുള്ളൂ. ഇതിനാണോ ഹമീദ് മാഷേ നമ്മളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആളുകൾ ചോദിക്കുന്നു. സ്ത്രീകൾ വരെ ഇക്കാര്യം വിളിച്ചുചോദിക്കുകയാണ്. അവരിൽ അമർഷം കാണാനുണ്ട്. വിജയത്തിന്റെ പ്രഭ നേരത്തേ കെട്ടു. വളരെ പെട്ടെന്ന് സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം’’ അബ്ദുൾഹമീദ് പറഞ്ഞു.
വി.ഡി. സതീശന് വേണ്ടി നടത്തിയ പ്രകടനത്തിൽ ലീഗ് പ്രവർത്തകർ പങ്കെടുത്തത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫുകാർ അങ്ങനെ പ്രകടനമൊക്കെ നടത്തുമ്പോൾ കുട്ടികളൊക്കെ അതിൽ പങ്കെടുക്കും. അത് സ്വാഭാവികമാണ്. പ്രാദേശികമായി ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാകും. പക്ഷേ, മുസ്ലീംലീഗ് അങ്ങനെയൊരു പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഇക്കാര്യം തെരുവിലേക്ക് കൊണ്ടുവരുന്നതിന് ലീഗ് എതിരാണ്. കോൺഗ്രസ് ഇതെല്ലാം മനസിലാക്കുമെന്നാണ് കരുതുന്നത്. അതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.