മുൻചക്രമില്ലാത്ത സൈക്കിളിൽ എവറസ്റ്റിലേക്ക് യുവാവിന്റെ യാത്ര; ലക്ഷ്യം ‘പിഎസ്‍സി ചോദ്യത്തിൽ ഇടം നേടുക’
കരിങ്കല്ലത്താണി ∙ മുൻചക്രമില്ലാത്ത സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാംപ് ലക്ഷ്യമാക്കിയുള്ള യുവാവിന്റെ യാത്ര കൗതുകമാകുന്നു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി 25 വയസ്സുകാരനായ സനീദാണ് യാത്രികൻ. ഗിയർ സൈക്കിളിന്റെ മുൻചക്രം എടുത്തുമാറ്റിയാണു യാത്ര. 15നു കണ്ണൂരിൽ പിതാവ് സി.കെ.മുഹമ്മദാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഒരു വർഷം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുകയാണ് സനീദിന്റെ ഉദ്ദേശ്യം. പെട്രോൾ പമ്പുകളിലോ, ടെന്റിലോ ആണു വിശ്രമം. ലോക റെക്കോർഡ് നേടുക, പിഎസ്‍സി ചോദ്യത്തിൽ ഇടം നേടുക എന്നിവയാണ് സനീദിന്റെ ലക്ഷ്യം. സിവിൽ എൻജിനീയറിങ്, ഇന്റീരിയർ ഡിസൈനിങ് എന്നിവയില്‍ സനീദ് പഠനം പൂർത്തീകരിച്ചിട്ടുണ്ട്. കാസർകോട് മുതൽ കന്യാകുമാരി വരെയും കശ്മീർ വരെയും ഇതേ സൈക്കിളിൽ സനീദ് നേരത്തേ യാത്ര ചെയ്തിട്ടുണ്ട്.