ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് (UCC) ആദിവാസി വിഭാഗങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അവരെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗോത്രവർഗക്കാർക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം ഗൂഢാലോചനകളിൽ വീണുപോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഞായറാഴ്ച ഗോത്രവർഗ നായകൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെങ്കോട്ട മൈതാനത്ത് നടന്ന രാജ്യത്തെ ഗോത്രവർഗ പ്രതിനിധികളുടെ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഏക സിവിൽ കോഡ് ആരുടേയും സാംസ്‌കാരികത്തനിമയെയോ നിയമപരമായ അവകാശങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം, ഗോത്രവർഗക്കാർ തങ്ങളുടെ 'ധർമ്മം' സംരക്ഷിക്കണമെന്നും മതപരിവർത്തനങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഓരോ വ്യക്തിക്കും തങ്ങളുടെ യഥാർത്ഥ വിശ്വാസം അന്തസ്സോടെയും നിർബന്ധങ്ങളില്ലാതെയും പിന്തുടരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. 'നമ്മുടെ മതം സംരക്ഷിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതാണ് നമ്മുടെ സംസ്‌കാരവുമായും രാജ്യവുമായും നമ്മെ ബന്ധിപ്പിച്ചു നിർത്തുന്നത്.' അദ്ദേഹം പറഞ്ഞു. ഗോത്രവർഗ സമൂഹങ്ങളിലേക്കുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസ് അനുബന്ധ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ, ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ആശങ്കകൾ ഷാ തള്ളിക്കളഞ്ഞു. നിയമം ഗോത്രവർഗ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും തകർക്കുമെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ആഭ്യന്തര മന്ത്രി എന്ന നിലയിൽ, ഏക സിവിൽ കോഡിന്റെ ഒരു വ്യവസ്ഥയും ഗോത്രവർഗ സമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് ഒരു ഗോത്രവർഗ അവകാശത്തെയും ലംഘിക്കില്ല.' അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗോത്രവർഗക്കാർക്കായി സുരക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു.
ഈ നിയമത്തെ ഭയപ്പെടരുതെന്ന് അദ്ദേഹം ഗോത്രവർഗ വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നാട്ടിൽനിന്നു നക്‌സലിസം തുടച്ചുനീക്കിയതും ആദിവാസി ക്ഷേമത്തിനായി ബജറ്റ് വിഹിതം വർധിപ്പിച്ചതും ഉൾപ്പെടെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഗോത്രസംസ്‌കാരം സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ സാമൂഹിക വികസനത്തിന് മുൻഗണന നൽകുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഗോത്രവർഗ മേഖലകളിലും മലനിരകളിലും വനങ്ങളിലും ദ്രുതഗതിയിലുള്ള വികസനത്തിനുള്ള സമയമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് 28,000 കോടി രൂപയായിരുന്ന ഗോത്രവർഗ ക്ഷേമ ബജറ്റ് 1.5 ലക്ഷം കോടി രൂപയായി വർധിപ്പിച്ചതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരു പ്രത്യേക ഗോത്രകാര്യ മന്ത്രാലയം രൂപീകരിച്ച കാര്യം അദ്ദേഹം സ്മരിച്ചു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് പരമോന്നത ഭരണഘടനാ തലത്തിൽ ഗോത്രവർഗ സമൂഹത്തിന് അഭിമാനവും പ്രാതിനിധ്യവും നൽകിയെന്നും ഷാ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 76 വർഷത്തിനിടെ ഒരു ഗോത്രവർഗക്കാരനും രാജ്യത്തിന്റെ പരമോന്നത പദവിയിൽ ഇരുന്നിട്ടില്ലെന്നും പാവപ്പെട്ട ഒരു ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയെ ഈ പദവിയിലേക്ക് ഉയർത്തിയത് മുഴുവൻ ഗോത്രവർഗ സമൂഹത്തിനും ബഹുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒഡീഷയിലും ഛത്തീസ്ഗഢിലും ഗോത്രവർഗക്കാരായ മുഖ്യമന്ത്രിമാരുള്ളത് സർക്കാരിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഗോത്രവർഗക്കാർക്കായി സംവരണം ചെയ്ത 16 സീറ്റുകളിലും വിജയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ, ഈ സംഗമത്തെ 'ഗോത്രസമൂഹത്തിന്റെ മഹാകുംഭം' എന്ന് വിശേഷിപ്പിച്ച ഷാ, ഗോത്രവർഗ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പ്രസ്ഥാനമായി ഇത് വർഷങ്ങളോളം സ്മരിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ഗോത്രസമൂഹം ലോകത്തിന് തന്നെ സുസ്ഥിരമായ ഒരു മാതൃകയാണെന്ന് ഷാ പറഞ്ഞു.