Select Location
All Locations
State
Region
City / District
LIVE
ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും

ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും

ലണ്ടൻ: ഹരിയാനയിലെ റോഹ്തക്കിൽനിന്നു 2013-ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിലെ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് അപൂർവ നേട്ടത്തിന് അർഹരായി. 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ (Elstree and Borehamwood Town Coun-cil) മേയറായി ചുമതലയേറ്റതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്രപരമായ നേട്ടവും കൈവരിച്ചു.

തൊട്ടടുത്ത ആഴ്ച, ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ (Hertsmere Borough Council) പ്രഥമ ഇന്ത്യൻ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പർവീൺ റാണി തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 13-ന് തുഷാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടതായും മെയ് 20-ന് പർവീൺ മേയറായതായും തുഷാറിന്റെ പിതാവ് സുനിൽ ദഹിയ ഫോണിലൂടെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കോളേജ് പഠനകാലത്ത് തന്നെ കൗൺസിലറായി പ്രവർത്തിച്ചിരുന്ന തുഷാർ, ചെറുപ്പത്തിൽതന്നെ പൊതുസേവനത്തിൽ സജീവമായിരുന്നു. മാതൃഭാഷയായ ഹിന്ദി പഠിപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇരുവരും പുലർത്തിയ താത്പര്യം ഈ വിജയത്തിലേക്ക് നയിച്ചതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ഹരിയാനയിലെ സോനിപതിലെ ഖാർഖോദയിലുള്ള റോഹ്ന ഗ്രാമത്തിലാണ്‌ ഇവരുടെ തറവാട്. 2013-ൽ യുകെയിലേക്ക് മാറുന്നതിന് മുമ്പ് ഇവർ ദീർഘകാലം റോഹ്തക്കിലാണ് താമസിച്ചിരുന്നത്. തുഷാറിന് 10 വയസുള്ളപ്പോൾ, 2013-ൽ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം യുകെയിലേക്ക് മാറുമ്പോൾ പ്രത്യേക ലക്ഷ്യങ്ങളൊന്നും മുന്നിൽ ഉണ്ടായിരുന്നില്ല എന്ന് ബിസിനസ്സുകാരനായ ദഹിയ പറയുന്നു. ഒരേസമയം ഇന്ത്യൻ വംശജരായ അമ്മയും മകനും മേയർമാരാകുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടനിലെ കോളേജിൽ പഠിക്കുമ്പോൾ 20-ാം വയസ്സിലാണ് തുഷാർ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം സംസ്‌കാരത്തിലും പൈതൃകത്തിലും ഉറച്ചുനിൽക്കണമെന്ന് വിശ്വസിക്കുന്ന തുഷാർ, തന്റെ ഇന്ത്യൻ പൈതൃകത്തിൽ അഭിമാനിക്കുമ്പോൾ തന്നെ താൻ സേവിക്കുന്ന വൈവിധ്യമാർന്ന ബ്രിട്ടീഷ് നഗരത്തെയും സ്‌നേഹിക്കുന്നു എന്നും പിതാവ് ദഹിയ പറയുന്നു. തങ്ങളുടെ ഹരിയാനയിലെ വേരുകളുമായി കുടുംബം ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും എല്ലാ വർഷവും നാട്ടിലെ വീട് സന്ദർശിക്കാറുണ്ടെന്നും ദഹിയ പറഞ്ഞു. തുഷാർ അടുത്തിടെയാണ് എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് മേയറായി ചുമതലയേറ്റത്. 2023-ൽ ലേബർ പാർട്ടി കൗൺസിലറായി കൗൺസിലിൽ ചേർന്ന അദ്ദേഹം നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ബ്രിട്ടനിൽ ജനിച്ച് വളർന്നവർക്ക് തുഷാറും അമ്മയും സൗജന്യമായി ഹിന്ദി പഠിപ്പിച്ചു കൊടുക്കാറുണ്ട്. 'ഹിന്ദി ശിക്ഷാ പരിഷത്ത്' എന്ന സംഘടനയുമായും തുഷാറിന് ബന്ധമുണ്ട്. രണ്ടുപേരും ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 2023-ലാണ്. മേയറാകുന്നതിന് മുമ്പ് പർവീൺ റാണി ഹെർട്ട്‌സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ (Politics) ബിരുദം നേടിയ തുഷാർ സെപ്റ്റംബറിൽ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കും. തുഷാറിന്റെ സഹോദരനും ഇതേ കോളേജിലാണ് പഠിക്കുന്നത്.


Mathrubhumi News 55 minutes ago
Home Flash News