Select Location
All Locations
State
Region
City / District
കർണാടകയിൽ നേതൃമാറ്റം വൈകില്ല; സിദ്ധരാമയ്യ സ്ഥാനമൊഴിയും, അന്തിമ തീരുമാനം മെയ് 28ന് മുൻപ്

കർണാടകയിൽ നേതൃമാറ്റം വൈകില്ല; സിദ്ധരാമയ്യ സ്ഥാനമൊഴിയും, അന്തിമ തീരുമാനം മെയ് 28ന് മുൻപ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജിവെക്കാൻ സാധ്യതയെന്ന് വിവരം. കോൺഗ്രസുമായി അടുത്ത ചില കേന്ദ്രങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതിന് മുന്നോടിയായി, കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ശനിയാഴ്‌ച ചേരുമെന്നും പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ നേതൃത്വത്തെച്ചൊല്ലി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ തുടരുന്ന തർക്കങ്ങൾക്ക് അറുതി വരുത്താനായി ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് ഈ നിർണായക നീക്കം.

ഭാവിയെ മുന്നിൽക്കണ്ട് പാർട്ടിയെയും സർക്കാരിനെയും പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നേതൃമാറ്റം പരിഗണിക്കുന്നതായി ചൊവ്വാഴ്‌ച ഹൈക്കമാൻഡ് സിദ്ധരാമയ്യയെ അറിയിച്ചതായാണ് ലഭ്യമായ വിവരം. ഈ നിർദേശം ആലോചിക്കാൻ സമയം നൽകിയിട്ടുണ്ടെന്നും, മാറ്റം സുഗമവും ആദരവോടെയും ആയിരിക്കണമെന്നും പാർട്ടി ആഗ്രഹിക്കുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു.

കർണാടകയിൽ നേതൃത്വപരമായ മാറ്റം ഗൗരവമായി നടക്കുന്നതായി കേന്ദ്ര നേതൃത്വം നൽകിയ സന്ദേശം വ്യക്തമാക്കുന്നു. ദീർഘകാലമായി സംസ്ഥാന സർക്കാരിനെ നയിക്കാൻ സാധ്യതയുള്ള പിൻഗാമി ആയി ഡികെ ശിവകുമാറിനെ കണ്ടുവരുന്നുണ്ട്. മുൻപ് ഇക്കാര്യത്തിൽ പലപ്പോഴായി ചർച്ചകൾ ഉയർന്നുവന്നപ്പോഴും ഒടുവിൽ അത് കെട്ടടങ്ങിയിരുന്നു. അതേസമയം, സിദ്ധരാമയ്യയുമായും കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറുമായും നടത്തിയ പ്രത്യേക കൂടിക്കാഴ്‌ചകൾ വരാനിരിക്കുന്ന രാജ്യസഭാ, എംഎൽസി തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കോൺഗ്രസ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്‌തമാണ്‌. ഇരുവരുടെയും കൂടിക്കാഴ്‌ചക്ക് ഒരു ദിവസം മുൻപ്, കോൺഗ്രസ് നേതൃത്വം നേതൃമാറ്റത്തിന് സന്നദ്ധമാണെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ രാജ്യസഭാ, എംഎൽസി തിരഞ്ഞെടുപ്പുകളും ബൃഹത് ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പും അടുത്തിരിക്കെ, സമവായത്തിലൂടെയും ഒരു തടസവുമില്ലാതെയും മാത്രമേ ഇത്തരം മാറ്റങ്ങൾ സംഭവിക്കാവൂവെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

അതിനിടെ മുഖ്യമന്ത്രിയായി അധികാരം നിൽക്കുകയാണെങ്കിൽ ഡികെ ശിവകുമാർ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നയാൾ. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ജാർക്കിഹോളിയെ ഈ പദവിയിലേക്ക് പരിഗണിക്കുന്നത് പാർട്ടിയുടെ സാമൂഹിക സന്തുലനം ഉറപ്പാക്കുന്നതിനുള്ള നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിലെയും പാർട്ടിയിലെയും ഉന്നത പദവികളിൽ വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന.


One India Malayalam 1 hour ago
Home Flash News