'സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്'; പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി 'കാട്ടാളൻ' ടീം
'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകര്‍. സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത് എന്നാണ് പ്രേക്ഷകരോട് അണിയറപ്രവർത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ പറയുന്നത് ഇപ്രകാരമാണ്. ''സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്. കാട്ടാളനിൽ 3 പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ഉണ്ട്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റിൽ കാർഡ് സമയത്തും മൂന്നാമത്തേത് എൻഡ് ക്രെഡിറ്റ്സ് പൂർണ്ണമായി അവസാനിച്ചതിന് ശേഷവുമാണ്. അതിനാൽ അവസാന നിമിഷം വരെ കാത്തിരിക്കൂ, കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല'', എന്നാണ് പോസ്റ്ററിലുള്ളത്. പെരുന്നാള്‍ റിലീസായി 28നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
റിലീസിന് മുന്നോടിയായി രവി ബസ്രൂറിന്‍റെ സംഗീതത്തിൽ കഴിഞ്ഞ ദിവസം 'ബ്ലഡ് ഓൺ ടസ്ക്' എന്ന കരുത്തുറ്റ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്.