റെയ്ഡിൽ നിക്ഷേപങ്ങളുടെയും എഫ് ഡി രേഖകളുടെയും വിവരങ്ങൾ കണ്ടെത്തിയതായി ഇ ഡി
പ്രാഥമിക പരിശോധനയിൽ നിരവധി നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ രേഖകൾ നിലവിൽ ഉദ്യോഗസ്ഥർ വിശദമായി വിശകലനം ചെയ്തുവരികയാണെന്നും ഇ ഡി അറിയിച്ചു
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിലും വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ലക്ഷ്യമിട്ട് ഇഡി നടത്തിയ റെയ്ഡിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേരളത്തിലും ബെംഗളൂരുവിലുമായി സിഎംആർഎൽ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിലാണ് ഇ ഡി ഒരേസമയം പരിശോധന നടത്തിയത്. ഇ ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ റിട്ട് ഹർജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം
പിണറായിയുടെ സാന്നിധ്യത്തിൽ റെയ്ഡ്; നിർണായക രേഖകൾ കണ്ടെത്തിയെന്ന് ഇഡി
വീണ വിജയൻ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനൊപ്പം തിരുവനന്തപുരത്താണ് താമസമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്ന് ഇ ഡി അറിയിച്ചു. റെയ്ഡ് സംഘം എത്തുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിനാണ് പരിശോധനയെന്ന് ഇ ഡി വൃത്തങ്ങൾ സൂചിപ്പിച്ചു.
കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ നിരവധി നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ രേഖകൾ നിലവിൽ ഉദ്യോഗസ്ഥർ വിശദമായി വിശകലനം ചെയ്തുവരികയാണെന്നും ഇ ഡി അറിയിച്ചു.
കേസിലേക്ക് നയിച്ച പശ്ചാത്തലം
ആദായനികുതി പരിശോധന (2019): പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.41% ഓഹരിയുള്ള പൊതു ലിസ്റ്റഡ് കമ്പനിയായ സിഎംആർഎല്ലിൽ 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ കമ്പനി 130 കോടിയോളം രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായി കണ്ടെത്തി. ഈ ക്രമക്കേട് കമ്പനി തന്നെ ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മീഷന് മുൻപാകെ സമ്മതിച്ചിട്ടുള്ളതാണ്.
എസ്എഫ്ഐഒ പ്രൊസിക്യൂഷൻ: ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന്, കമ്പനി യാതൊരുവിധ ലാഭവിഹിതവും (Dividend) നൽകാതിരുന്നിട്ടും എം.ഡി ശശിധരൻ കർത്തയും മകനും ചേർന്ന് 30.63 കോടി രൂപ പ്രതിഫലം കൈപ്പറ്റിയതായും കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടിയുടെ വ്യാജ പണച്ചെലവുകൾ നടത്തിയതായും എസ്എഫ്ഐഒ കണ്ടെത്തി. 2025 ഏപ്രിലിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇവർക്കെതിരെ കോർപ്പറേറ്റ് തട്ടിപ്പിന് പ്രൊസിക്യൂഷൻ പരാതി ഫയൽ ചെയ്തു.
വീണ വിജയനെതിരെയുള്ള കണ്ടെത്തലുകൾ
സിഎംആർഎൽ കമ്പനി കാണിച്ചിട്ടുള്ള വ്യാജ ചെലവുകളിൽ പ്രധാനപ്പെട്ട ഒന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ പണമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന വൺ-പേഴ്സൺ കമ്പനിക്ക്, യാതൊരുവിധ ഐടി കൺസൾട്ടൻസി സേവനങ്ങളും നൽകാതെ തന്നെ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ വ്യാജ ഇടപാടുകളിലൂടെ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിന് പുറമെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടിട്ടും ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴി 50 ലക്ഷം രൂപ കൂടി എക്സാലോജിക്കിന് വായ്പയായി നൽകിയതായും ഇ ഡി വ്യക്തമാക്കുന്നു.
അന്വേഷണം സാധുവാണെന്ന് ഹൈക്കോടതി
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി അന്വേഷണം തുടങ്ങിയതിനെതിരെ സിഎംആർഎൽ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ 'പ്രെഡിക്കേറ്റ് ഒഫൻസ്' (അടിസ്ഥാന കുറ്റം) രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വാദമാണ് കമ്പനി ഉയർത്തിയത്. എന്നാൽ ഹർജി പൂർണ്ണമായും തള്ളിയ ഹൈക്കോടതി, പിഎംഎൽഎ പ്രകാരം അന്വേഷണം തുടങ്ങാൻ അടിസ്ഥാന കുറ്റത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി. കൂടാതെ നിലവിൽ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പിഎംഎൽഎ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ അടിസ്ഥാന കുറ്റം നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ഇ ഡി റെയ്ഡിലേക്ക് കടന്നത്.