Select Location
All Locations
State
Region
City / District
അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ന്യൂദല്‍ഹി: 2026ലെ അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രധാന പരിപാടികള്‍ ജൂണ്‍ 21ന് ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രിയും ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രിയുമായ പ്രതാപ്റാവു ജാദവ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഖജുരാഹോയിലെ വെസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് ടെംപിള്‍സില്‍ സംഘടിപ്പിച്ച യോഗ മഹോത്സവ് 2026ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത പൈതൃകത്തിലും ആത്മീയ ബോധത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ കൊല്‍ക്കത്ത ഈ ആഗോള പരിപാടിക്ക് ഏറ്റവും അനുയോജ്യമായ വേദിയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, സമഗ്ര ആരോഗ്യ സംരക്ഷണത്തിന് യോഗ നല്‍കുന്ന സംഭാവനകളെ മുന്‍നിര്‍ത്തി ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര യോഗാദിന പ്രമേയമെന്ന് പറഞ്ഞു. 

ഭാരതത്തിന്റെ പുരാതന ജ്ഞാനത്തിന്റെ പ്രതീകമായ യോഗ, രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിലും സന്തുലിതമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ എല്ലാവരുംയോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് കീഴില്‍ നിരന്തരമായ ജനസമ്പര്‍ക്കത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും യോഗയെ രാജ്യത്തെ ഓരോ ഗ്രാമത്തിലും, വീട്ടിലും, സ്‌കൂളിലും, ഓഫീസിലും, കമ്മ്യൂണിറ്റിയിലും എത്തിക്കാനാണ് ആയുഷ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗാ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ സുഗമമാക്കുന്നതിനും പൊതുജന പങ്കാളിത്തം ശക്തമാക്കുന്നതിനുമായി യോഗ സംഗം പോര്‍ട്ടല്‍ മന്ത്രി ചടങ്ങില്‍ പുനരാരംഭിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത യോഗ ഇടങ്ങളുടെ വികസനത്തെ പിന്തുണയ്‌ക്കുന്നതിനായി യോഗ പാര്‍ക്ക് പോര്‍ട്ടല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സംഘടിപ്പിച്ച ചടങ്ങില്‍ ആയിരക്കണക്കിന് യോഗാചാര്യന്മാരും അനുയായികളും പങ്കെടുത്തു. ഇതോടൊപ്പം കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസങ്ങളും പ്രദര്‍ശിപ്പിച്ചു. അന്താരാഷ്‌ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു


Janmabhumi 53 minutes ago
Home Flash News