ബലിപെരുന്നാൾ മധുരം; എമിറേറ്റ്സ് ഭരണാധികാരികളെയും പ്രമുഖരെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്
അബുദാബി∙ തലസ്ഥാനഗരിയിൽ ബലിപെരുന്നാൾ മധുരം. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും കിരീടാവകാശികളും ഉപഭരണാധികാരികളും ഉൾപ്പെടെയുള്ള പ്രമുഖരുമായി പെരുന്നാൾ പ്രമാണിച്ച് കൂടിക്കാഴ്ച നടത്തി ആശംസകൾ കൈമാറി.
യുഎഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരെ യുഎഇ വൈസ് പ്രെസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് സ്വീകരിച്ചു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉമ്മുൽഖുവൈൻ ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.
പ്രസിഡന്റിന്റെ നേതൃത്വത്തിലും ജനങ്ങളുടെ അർപ്പണബോധത്തിലും രാജ്യത്തിന്റെ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പുരോഗതിയെക്കുറിച്ചും നേതാക്കൾ സൗഹൃദ സംഭാഷണം നടത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഷെയ്ഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഭരണാധികാരികൾക്ക് പുറമെ ഔദ്യോഗിക പ്രതിനിധികൾ, പൗരന്മാർ, രാജ്യത്തെ വിശിഷ്ടാതിഥികൾ എന്നിവരും പ്രസിഡന്റിന് പെരുന്നാൾ ആശംസകൾ നേരാൻ എത്തിയിരുന്നു