ഇൻ്റലിസ്മാർട്ട് ഇൻഫ്രാസ്ട്രക്ചറിനെ ഏറ്റെടുക്കാൻ അദാനി എനർജി; 3,050 കോടി രൂപയുടെ വമ്പൻ കരാർ
ഇന്ത്യയിലെ മുൻനിര ഊർജ്ജ പരിഹാര ദാതാക്കളായ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (AESL), സ്മാർട്ട് മീറ്റർ രംഗത്തെ പ്രമുഖ കമ്പനിയായ ഇൻ്റലിസ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ പൂർണ്ണമായും ഏറ്റെടുക്കുന്നു. നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF), എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (EESL) എന്നിവയുടെ സംയുക്ത സംരംഭമായ ഇൻ്റലിസ്മാർട്ടിൻ്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുന്നതിനായി 3,050 കോടി രൂപയുടെ കരാറിലാണ് അദാനി എനർജി ഒപ്പുവെച്ചിരിക്കുന്നത്. ഈ ഏറ്റെടുക്കലോടെ 4.7 കോടിയിലധികം സ്മാർട്ട് മീറ്ററുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് മീറ്ററിംഗ് പ്ലാറ്റ്‌ഫോമായി അദാനി എനർജി മാറും. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, അസം എന്നീ സംസ്ഥാനങ്ങളിലായി 2.2 കോടിയിലധികം സ്മാർട്ട് മീറ്ററുകളുടെ പോർട്ട്‌ഫോളിയോ നിലവിൽ ഇൻ്റലിസ്മാർട്ടിനുണ്ട്. ഇന്ത്യയുടെ വൈദ്യുതി വിതരണ മേഖലയെ സാങ്കേതിക വിദ്യയിലൂടെ ആധുനികവൽക്കരിക്കാനുള്ള അദാനി എനർജിയുടെ ശ്രമങ്ങൾക്ക് ഈ നീക്കം കരുത്തേകുമെന്ന് കമ്പനി സിഇഒ കണ്ടർപ് പട്ടേൽ പറഞ്ഞു. 3,050 കോടി രൂപയുടെ ഈ ഇടപാടിൽ ഇൻ്റലിസ്മാർട്ടിൻ്റെ ഇക്വിറ്റി ഓഹരികൾ വാങ്ങുന്നതും NIIF കൈവശം വച്ചിരിക്കുന്ന കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വീണ്ടെടുക്കുന്നതും ഉൾപ്പെടുന്നു.
ഇൻ്റലിസ്മാർട്ടിനെ ഒരു പ്രമുഖ സ്മാർട്ട് മീറ്ററിംഗ് പ്ലാറ്റ്‌ഫോമായി വളർത്തിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് NIIF മാനേജിംഗ് പാർട്ണർ വിനോദ് ഗിരിയും, ഇത് വൈദ്യുതി വിതരണ മേഖലയിലെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കുമെന്ന് ഇൻ്റലിസ്മാർട്ട് എംഡിയും സിഇഒയുമായ അനിൽ റാവലും അഭിപ്രായപ്പെട്ടു. ആവശ്യമായ നിയമപരമായ അനുമതികൾ ലഭിക്കുന്നതോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും. സിറിൽ അമർചന്ദ് മംഗൾദാസ് ആണ് അദാനി എനർജിക്ക് വേണ്ടി നിയമോപദേശം നൽകിയത്. ഡെലോയിറ്റ് ടച്ച് തോമാത്സു ഇന്ത്യ ഈ ഇടപാടിൽ വിൽപനക്കാർക്ക് വേണ്ടി ഉപദേശകരായി പ്രവർത്തിച്ചു.