ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ എൻഡിഎ നീക്കം; തൃണമൂൽ വിമതർ തുണയാവുമോ?
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമതനീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ഉയർന്നിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി, കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നിർണായക നിയമനിർമ്മാണ പദ്ധതികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ മൂന്നാം വാരത്തിൽ ആരംഭിക്കാനിരിക്കെ, ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലായ ഡീലിമിറ്റേഷൻ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതകൾ ശക്തമായിരിക്കുകയാണ്. 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാൻ ലക്ഷ്യമിട്ട ബിൽ ഏപ്രിലിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അത് പരാജയപ്പെടുകയായിരുന്നു.
അതേസമയം, വനിതാ സംവരണ ബില്ലും ഡീലിമിറ്റേഷൻ ബില്ലുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നതിനാൽ അതിന്റെ നടപ്പാക്കലും തടസപ്പെട്ടു. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. എന്നാൽ അതിനായി ഭരണഘടനാ ഭേദഗതി പാസാകേണ്ടത് അനിവാര്യമാണ്. ഇതിനിടെയാണ് തൃണമൂൽ കോൺഗ്രസിൽ വിമതനീക്കങ്ങൾ ശക്തമായത്. പാർട്ടി എംപി കകോളി ഘോഷ് ദസ്‌തിദാർ, ലോക്‌സഭയിലെ 20 തൃണമൂൽ എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. പാർട്ടി വിഭജിക്കുന്നതിനാവശ്യമായ സംഖ്യയേക്കാൾ ഒരാൾ അധികമാണ് ഇത്. വിമത എംപിമാർ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറി. ഈ 20 എംപിമാർ എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറായാൽ ലോക്‌സഭയിൽ ഭരണപക്ഷത്തിന്റെ സംഖ്യാബലം ഗണ്യമായി ഉയരുമെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ എൻഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണയാണുള്ളത്. തൃണമൂൽ വിമതരുടെ പിന്തുണ ലഭിച്ചാൽ ഈ എണ്ണം 313 ആയി ഉയരും.