അമേരിക്കന്‍ അപ്പാഷെ വീണു; വ്യാപക ആക്രമണവുമായി ഇറാന്‍, ബഹ്‌റൈനില്‍ അലാറം, യുദ്ധം കനക്കുന്നു
അത്യാധുനിക യുദ്ധോപകരങ്ങള്‍ ഉള്ള അമേരിക്കയുടെ അപ്പാഷെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവച്ചിട്ടു. യുദ്ധമുഖങ്ങളില്‍ അമേരിക്കയുടെ വജ്രായുധമാണ് കോടികള്‍ വിലയുള്ള ഈ ഹെലികോപ്റ്റര്‍. ഹോര്‍മുസ് മേഖലയില്‍ വട്ടമിട്ട കോപ്റ്റര്‍ ഇറാന്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. അമേരിക്കന്‍ സൈന്യം തങ്ങളുടെ പ്രദേശം വിട്ടുപോകണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തിയ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. തൊട്ടുപിന്നാലെ ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കന്‍ മിസൈലുകളെത്തി. ഇറാന്‍ അടങ്ങിയിരുന്നില്ല. പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്റെ മിസൈലുകള്‍ കുതിച്ചെത്തി.
ചൊവ്വാഴ്ചയാണ് അമേരിക്കയുടെ അപ്പാഷെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ചൊവ്വാഴ്ച രാത്രി അമേരിക്ക ഇറാനില്‍ ആക്രമണം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ഇറാന്റെ മിസൈലുകള്‍ എത്തി. മൂന്ന് മാസം പിന്നിട്ടിട്ടും ഇറാന്റെ സൈനിക ശക്തിക്ക് ചോര്‍ച്ചയുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണം.
അമേരിക്ക നടത്തിയ ആക്രമണം കാരണമായി തീരദേശത്തെ ജലസംഭരണി തകര്‍ന്നു എന്ന് ഇറാന്‍ അറിയിച്ചു. ശക്തമായ തിരിച്ചടി അമേരിക്ക് നല്‍കുമെന്നും ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. ഇറാന്റെ അഞ്ച് മിസൈലുകള്‍ തടഞ്ഞു എന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചു. അമേരിക്ക നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനം ജോര്‍ദാന്റെ കൈവശമുണ്ട്.
ആശങ്കയോടെ പ്രവാസി സമൂഹം
ബഹ്‌റൈനില്‍ അലാറം മുഴങ്ങി. മിസൈല്‍ ആക്രമണം നടക്കുന്ന വേളയില്‍ സിഗ്നല്‍ ലഭിക്കുമ്പോഴാണ് അലാറം മുഴങ്ങുക. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ വേണ്ടിയാണിത്. ഇറാന്റെ മിസൈലുകള്‍ തടയാന്‍ വ്യോമ പ്രതിരോധ സംവിധാനം കുവൈത്തും സജ്ജമാക്കി. മൂന്ന് രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യം തമ്പടിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ഇറാന്റെ മിസൈലുകള്‍ എത്തുന്നത്. എന്നാല്‍ മിക്കതും ലക്ഷ്യം കാണുംമുമ്പേ തകര്‍ക്കപ്പെടുകയാണ്. ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രം, കണ്‍ട്രോള്‍ സ്‌റ്റേഷന്‍, ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള നിരീക്ഷണ കേന്ദ്രം എന്നിവയാണ് ആക്രമിച്ചത് എന്ന് അമേരിക്കന്‍ സൈന്യം പറയുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യം ഇസ്രായേലിനെ ആക്രമിച്ചിരുന്നു. ഇസ്രായേല്‍ തിരിച്ചടിച്ചതോടെ ഇറാന്‍ ആക്രമണം കടുപ്പിച്ചു. പിന്നീട് അമേരിക്ക ഇടപെട്ട് രംഗം ശാന്തമാക്കി. ഇതിന് പിന്നാലെയാണ് അമേരിക്കയും ഇറാനും കൊമ്പുകോര്‍ത്തത്. പുതിയ നീക്കം ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. യുദ്ധം വൈകാതെ തീരുമെന്ന് കരുതിയിരിക്കെയാണ് പുതിയ സംഭവങ്ങള്‍. ഇതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിമാനങ്ങള്‍ ചില ഷെഡ്യൂളുകള്‍ ഒഴിവാക്കിയിരുന്നു. കുവൈത്തില്‍ നിന്നുള്ള സര്‍വീകളാണ് താളംതെറ്റിയത്. സമാധാന ചര്‍ച്ചകള്‍ വിജയം കാണുന്നില്ല എന്നതാണ് ആശങ്ക.