Select Location
All Locations
State
Region
City / District
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് യുകെയും

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് യുകെയും

കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും അമിതമായ സ്ക്രീൻ ഉപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിന് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. കുട്ടികളും കൗമാരക്കാരും വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന സോഷ്യൽ മീഡിയ സേവനങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ വലിയ നിയന്ത്രണവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്റ്റാർമർ വ്യക്തമാക്കി. 16 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ ഉപയോഗം സർക്കാർ പൂർണ്ണമായും നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനം ആവശ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പുതിയ നിയമങ്ങൾ കാരണം വലിയ തിരിച്ചടി നേരിടാനിടയുള്ള ടെക്ക് കമ്പനികളിൽ നിന്നുള്ള (Tech Companies) ഏത് എതിർപ്പിനെയും ശക്തമായി നേരിടാൻ സർക്കാർ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി. കുട്ടികളുടെ സുരക്ഷയുടെയും സന്തോഷത്തിന്റെയും കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ സമീപകാലത്തെ ഏറ്റവും ശക്തമായ ഓൺലൈൻ സുരക്ഷാ നടപടികളിലൊന്നാണിത്..കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്ന ലോകത്തിലെ മറ്റ് മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ യുകെയും എത്തിച്ചേർന്നിരിക്കുകയാണ്.

കുട്ടികൾക്കായി ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള ഓൺലൈൻ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഓസ്‌ട്രേലിയ നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനത്തേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളായിരിക്കും ബ്രിട്ടൻ കൊണ്ടുവരികയെന്ന് പ്രധാനമന്ത്രി സൂചന നൽകി. ഓസ്‌ട്രേലിയ, കാനഡ, ബ്രസീൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുകയോ പ്രായപരിധി പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് നിരവധി രാജ്യങ്ങളും സമാനമായ നടപടികളെക്കുറിച്ച് പഠിക്കുകയും നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.

നിയന്ത്രണങ്ങൾ ചാറ്റ്ബോട്ടുകൾക്കും ഗെയിമിംഗ് ആപ്പുകൾക്കും ബാധകം

ബ്രിട്ടൻ നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമായി പരിമിതപ്പെടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാറ്റ്ബോട്ടുകൾ, ചില ഗെയിമിംഗ് ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ഫീച്ചറുകൾ എന്നിവയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ മുതിർന്ന കൗമാരക്കാർ രാത്രി വൈകി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു പ്രത്യേക സമയപരിധി (Curfew) നിശ്ചയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നും വലിയ തോതിൽ അഭിപ്രായരൂപീകരണം നടത്തിയ ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്. മാതാപിതാക്കൾ, കുട്ടികൾ, സാങ്കേതികവിദ്യാ വ്യവസായ പ്രതിനിധികൾ എന്നിവരിൽ നിന്നായി ഏകദേശം 1,16,000 പ്രതികരണങ്ങൾ സർക്കാരിന് ലഭിച്ചതായി എപി (AP) റിപ്പോർട്ട് ചെയ്തു. 2012-ൽ നടന്ന വിവാഹ സമത്വ നിയമത്തെക്കുറിച്ചുള്ള (Equal Marriage Consultation) ചർച്ചയ്ക്ക് ശേഷം ബ്രിട്ടീഷ് ചരിത്രത്തിൽ ഇത്രയധികം പ്രതികരണങ്ങൾ ലഭിക്കുന്ന രണ്ടാമത്തെ വലിയ ജനഹിത പരിശോധനയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


News18Kerala 1 day ago
Home Flash News