Select Location
All Locations
State
Region
City / District
‘അത് തിരുത്തണം; അല്ലെങ്കിൽ ദേവസ്വം ബോർഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് സർക്കാർ കരുതും’

‘അത് തിരുത്തണം; അല്ലെങ്കിൽ ദേവസ്വം ബോർഡിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് സർക്കാർ കരുതും’

തിരുവനന്തപുരം∙ ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ നിയമനം വിവാദമായതിനു പിന്നാലെ ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റങ്ങളില്‍ വീണ്ടും വിവാദം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയില്‍ നിയമനം നല്‍കിയതിലാണ് ദേവസ്വം മന്ത്രി ഇടപെട്ടത്. സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ദേവസ്വം ബോര്‍ഡ് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കും എന്നാണ് മുരളീധരന്‍ പറഞ്ഞത്.

‘സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മസ്ഥാനത്ത് വച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് പ്രസിഡന്റിനു കഴിഞ്ഞ ദിവസം കത്തു നല്‍കി. കെ.ജയകുമാര്‍ തികച്ചും നിഷ്പക്ഷനായ ഒരാളായതു കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തത്. കഴിഞ്ഞ ദിവസത്തെ സ്ഥലം മാറ്റങ്ങളില്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു. അതു തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തിയില്ലെങ്കില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിനും ഈ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട് എന്നുള്ള ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകും’ - മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള സമയത്ത് ശബരിമല സെക്‌ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റഷന്‍ ഓഫിസറാക്കി നിയമിച്ചതാണ് ചര്‍ച്ചയായത്. ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.


Manorama News 1 hour ago
Home Flash News