അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് പേർ മരിച്ചു
വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നടന്ന പതിവ് പരിശോധനാ ദൗത്യത്തിനിടെയാണ് വിമാനം തകർന്നുവീണത്. വിമാന നിർമ്മാതാക്കളായ ബോയിങ് കമ്പനി ജീവനക്കാരും സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തങ്ങളുടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി ബോയിങ് സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെ എടുത്തേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോയിങ് ബി-52 ബോംബർ വിമാനങ്ങൾ 1955-ലാണ് യുഎസ് സേനയുടെ ഭാഗമായത്. സോവിയറ്റ് കാലഘട്ടത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയ വിമാനങ്ങൾ തുടർച്ചയായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. തകർന്നുവീണ ബോംബർ ഏത് വർഷത്തിലാണ് നിർമ്മിക്കപ്പെട്ടതെന്നു വ്യക്തമല്ല. ഇത് ആണവായുധങ്ങൾ വഹിക്കാൻ രൂപകൽപ്പന ചെയ്തതാണ്. വിയറ്റ്‌നാം മുതൽ ഇറാൻ വരെയുള്ള യു.എസ്. സൈനിക ഇടപെടലുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബി-52 ബോംബർ വിമാനങ്ങളിൽ ആധുനിക റഡാർ സംവിധാനം മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നിരുന്നു. തിങ്കളാഴ്ച അപകടത്തിൽപ്പെട്ട വിമാനം ഇതിന്റെ ഭാഗമായിരുന്നോ എന്നത് വ്യക്തമല്ല. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിച്ച് തകർന്ന് വീഴുകയായിരുന്നു.