Select Location
All Locations
State
Region
City / District
മലപ്പുറത്തിന് ഇന്ന് 57-ാം പിറന്നാൾ; പുതിയ ജില്ലയ്ക്കായി മുറവിളി ശക്തം

മലപ്പുറത്തിന് ഇന്ന് 57-ാം പിറന്നാൾ; പുതിയ ജില്ലയ്ക്കായി മുറവിളി ശക്തം

മലപ്പുറം: ജില്ലാ വിഭജനത്തിനായി മുറവിളി ഉയരുന്നതിനിടെ മലപ്പുറത്തിന് ബുധനാഴ്ച 57-)ം പിറന്നാൾ. 1969 ജൂൺ 16-നാണ് മലപ്പുറം പിറന്നത്. ജനസംഖ്യാ അനുപാതവും ഭൂവിസ്തൃതിയും പരിഗണിച്ച് മലപ്പുറത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തി മറ്റൊരു ജില്ലകൂടി രൂപവത്കരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

എല്ലായിടത്തും വികസനമെത്താനും സർക്കാർ ഫണ്ടുകളും വിഭവങ്ങളും എല്ലാവർക്കും ലഭ്യമാക്കാനും ജില്ലാ വിഭജനം അനിവാര്യമാണെന്ന് മലപ്പുറത്തെ കളക്ടർമാർതന്നെ പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികളും വിവിധ സംഘടനകളും ഇതേ ആവശ്യമുന്നയിക്കുന്നു. സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പുതിയ ജില്ലയെന്ന ആശയത്തിന് കൂടുതൽ പ്രതീക്ഷ കൈവന്നു. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് എ.പി. അനിൽകുമാറാണ് റവന്യൂമന്ത്രി എന്നതും സാധ്യതയാണ്.

യു.ഡി.എഫ്. നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് യു.ഡി.എഫ്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ജില്ലകളുടെ വിഭജന സാധ്യത പഠിക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന യു.ഡി.എഫ്. യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫിലെ എല്ലാ കക്ഷികളും ഏകകണ്ഠമായാണ് ആവശ്യമുന്നയിക്കുന്നതെന്ന് ചെയർമാൻ കെ.പി. അബ്ദുൽ മജീദ് പറഞ്ഞു. കൺവീനർ അഷ്റഫ് കോക്കൂരിനൊപ്പം ബുധനാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രിമാരെയും കണ്ട് വിഷയം അവതരിപ്പിക്കുമെന്നും മജീദ് വ്യക്തമാക്കി. പ്രമേയത്തിലെ കാര്യങ്ങൾ ഉൾപ്പെടുത്തി കത്തും കൈമാറും. കൂടുതൽ വികസനവും ജനങ്ങളുടെ സൗകര്യവും മുൻനിർത്തിയാണ് പുതിയ ജില്ല വരണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെടുന്നത്. സ്പെഷ്യൽ ഓഫീസറെ ഉടൻ നിയമിക്കണമെന്നാണ് ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നത്. നടപടികൾ ഇപ്പോൾത്തന്നെ തുടങ്ങിയാൽ ഈ സർക്കാരിന്റെ കാലത്തുതന്നെ ജില്ലാ വിഭജനം പൂർത്തിയാക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയവും സാമുദായികവുമായ കാര്യങ്ങളില്ലെന്നും യു.ഡി.എഫ്. വ്യക്തമാക്കുന്നു.

ജില്ലയ്ക്കായി സമഗ്ര വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ ലീഗ്

മലപ്പുറം: ജില്ലയുടെ 57 -ാം പിറന്നാളിനോടനുബന്ധിച്ച് മുസ്ലിം ലീഗ് മലപ്പുറത്തിനായി സമഗ്ര വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കും. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും പങ്കെടുപ്പിച്ച് ലീഗ് ജില്ലാകമ്മിറ്റി മലപ്പുറം വിഷൻ ആൻഡ് മിഷൻ എന്ന പേരിൽ ലീഡേഴ്സ് സമ്മിറ്റ് നടത്തി. അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനായിരുന്നു പരിപാടി. രണ്ടാംഘട്ടത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ വികസന സെമിനാർ നടത്തും. പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പ്രാദേശിക ക്യാമ്പുകൾ സംഘടിപ്പിക്കും. വിദ്യാർഥി യുവജനക്കൂട്ടായ്മ, സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ, സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം തുടങ്ങിയവയിലൂടെ സമഗ്രമായ വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമർപ്പിക്കാനാണ് തീരുമാനം.

ആളുകളുടെ വർധനയ്ക്കനുസരിച്ച് വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ ജില്ലയ്ക്കായി ഇനിയും ഒരുപാട് നേടിയെടുക്കാനുണ്ടെന്ന് ജില്ലാകമ്മിറ്റി വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ്, ട്രഷറർ അഷറഫ് കോക്കൂർ, ഭാരവാഹികളായ പി.എസ്.എച്ച്. തങ്ങൾ, എം.കെ. ബാവ, പി. സൈതലവി, ഇസ്മായിൽ മൂത്തേടം, ഇബ്രാഹിം മൂത്തൂർ, ഉമ്മർ അറക്കൽ, വല്ലാഞ്ചിറ മുഹമ്മദ് അലി, കെ.എം. അബ്ദുൽ ഗഫൂർ, അൻവർ മുള്ളമ്പാറ, കെ.ടി. അഷറഫ്, അബ്ദുള്ള വാവൂർ, വി.കെ.എം. ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.


Manorama News 1 hour ago
Home Flash News