Select Location
All Locations
State
Region
City / District
യുദ്ധഭീതി ഒഴിയുന്നു; ചരിത്ര കരാറിൽ ഒപ്പുവെച്ച് അമേരിക്കയും ഇറാനും, ഇന്ധനവില കുറഞ്ഞേക്കും

യുദ്ധഭീതി ഒഴിയുന്നു; ചരിത്ര കരാറിൽ ഒപ്പുവെച്ച് അമേരിക്കയും ഇറാനും, ഇന്ധനവില കുറഞ്ഞേക്കും

യുദ്ധത്തിന് അന്ത്യം കുറിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ യാഥാർത്ഥ്യമായി. ഫ്രാൻസിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള 14 ഇന ധാരണാപത്രത്തിൽ ഒപ്പുവെച്ച കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കുറച്ചുകാലമായി നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ചത്. എന്നാൽ കരാർ ഒപ്പിട്ടതിന് പിന്നാലെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇതൊരു താൽക്കാലിക ധാരണ മാത്രമാണെന്നും ഇറാൻ കൃത്യമായി വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും വീണ്ടും ബോംബാക്രമണം നടത്തുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അതേസമയം, ഒമാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ കരാർ യാഥാർത്ഥ്യമായ കാര്യം ഇറാന്റെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ പരമാധികാരവും നിയന്ത്രണാധികാരവും നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ സമാധാന ധാരണയിലെത്തിയതെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗേ വ്യക്തമാക്കി.

14 ഇന കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിൽ മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യം മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട വ്യവസ്ഥകൾ താഴെ പറയുന്നവയാണ്. യുദ്ധം അവസാനിപ്പിക്കൽ: ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലെയും സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കും. പരസ്പരം ആക്രമിക്കുകയോ സൈനിക നടപടികൾക്ക് മുതിരുകയോ ചെയ്യില്ലെന്ന് ഇരുരാജ്യങ്ങളും ഉറപ്പുനൽകി. ലെബനന്റെ പരമാധികാരം സംരക്ഷിക്കുമെന്നും കരാറിലുണ്ട്.

ഹോർമുസ് കടലിടുക്ക് തുറക്കും: ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകും. അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ പാത ഇറാൻ സൗജന്യമായി ഒരുക്കും. ഇതിനായുള്ള മൈൻ നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള സാങ്കേതിക ജോലികൾ 30 ദിവസത്തിനകം ഇറാൻ പൂർത്തിയാക്കും. ഉപരോധങ്ങൾ നീക്കും: അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധങ്ങൾ 30 ദിവസത്തിനുള്ളിൽ പൂർണ്ണമായി പിൻവലിക്കും. കരാർ ഒപ്പിട്ടത് മുതൽ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് യുഎസ് ട്രഷറി അനുമതി നൽകും. കൂടാതെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയങ്ങൾ ഉൾപ്പെടെ ഇറാന് മേലുള്ള എല്ലാവിധ ഏകപക്ഷീയ ഉപരോധങ്ങളും ഘട്ടഘട്ടമായി അവസാനിപ്പിക്കും.

300 ബില്യൺ ഡോളറിന്റെ വികസന പദ്ധതി: യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി അമേരിക്കയും പങ്കാളിത്ത രാജ്യങ്ങളും ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ വൻകിട വികസന പദ്ധതി നടപ്പിലാക്കും. മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകും: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ സാമ്പത്തിക ആസ്തികളും ഫണ്ടുകളും ഇറാന്റെ സെൻട്രൽ ബാങ്ക് നിർദ്ദേശിക്കുന്ന ഗുണഭോക്താക്കൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം പൂർണ്ണമായി വിട്ടുനൽകും. ആണവ നിയന്ത്രണം: തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ഇല്ലെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കി. 

ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അന്തിമ കരാറിന് 60 ദിവസം: നിലവിലെ കരാറിന്റെ അടിസ്ഥാനത്തിൽ അടുത്ത 60 ദിവസത്തിനുള്ളിൽ ഇരു സർക്കാരുകളും ചർച്ചകൾ നടത്തി അന്തിമ കരാറിലേക്ക് എത്തിച്ചേരും. ഈ കാലയളവിൽ പുതിയ ഉപരോധങ്ങളോ കൂടുതൽ സൈന്യത്തെ വിന്യസിക്കലോ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഈ കരാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രത്യേക എക്സിക്യൂട്ടീവ് സംവിധാനം രൂപീകരിക്കും. അന്തിമ കരാർ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയത്തോടെയായിരിക്കും പ്രാബല്യത്തിൽ വരിക. ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറയാനും കപ്പൽ ഗതാഗതം സുരക്ഷിതമാകാനും ഈ നയതന്ത്ര നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.


One India Malayalam 2 hours ago
Home Flash News