Select Location
All Locations
State
Region
City / District
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കരജീവിയെ കാണാനൊരുങ്ങി മോദി; സീഷെൽസിലേക്ക്‌ യാത്രതിരിച്ചു

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കരജീവിയെ കാണാനൊരുങ്ങി മോദി; സീഷെൽസിലേക്ക്‌ യാത്രതിരിച്ചു

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സീഷെൽസ് സന്ദർശനത്തനായി ശനിയാഴ്ച യാത്രതിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണം, സമുദ്ര സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ മേഖലകളിൽ പുതിയ ചർച്ചകൾക്കും ഈ സന്ദർശനം വഴിയൊരുക്കും എന്നാണ് വിവരം.

സീഷെൽസ് പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചർച്ചകളും വിവിധ സാംസ്‌കാരിക പരിപാടികളും പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമാണ്. വരും തലമുറയ്ക്കായുള്ള പ്രകൃതി സംരക്ഷണവും ഇന്ത്യയുടെ അയൽരാജ്യങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയായ ജൊനാഥൻ എന്ന ആമയെ അദ്ദേഹം സന്ദർശിക്കുമെന്നതും ഈ യാത്രയുടെ ഒരു പ്രധാന സവിശേഷതയാണ്.

സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസിൽ വസിക്കുന്ന ഏകദേശം 194 വയസ്സ് പ്രായം കണക്കാക്കപ്പെടുന്ന ഒരു അൽദാബ്ര ഭീമൻ ആമയാണ് ജൊനാഥൻ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരയിലെ മൃഗമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ജൊനാഥന്റെ പേരിലാണ്. കൃത്യമായ പ്രായം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആ വർഗ്ഗത്തിലെ ജീവികൾക്കുള്ള സാധാരണ ആയുസ്സിലും വളരെ കൂടുതൽ കാലമാണ് ജൊനാഥന്റെ ജീവിച്ചിരിക്കുന്നത്. ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന സീഷെൽസ് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി മോദി ഈ ദ്വീപ് രാജ്യം സന്ദർശിക്കുന്നത്.

സീഷെൽസിൽ എത്തിയ ശേഷം, പ്രധാനമന്ത്രി നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസ് സന്ദർശിക്കും. അവിടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം എന്നിവയിലുള്ള പങ്കാളിത്തത്തിലെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതിനായി അദ്ദേഹം ഒരു വൃക്ഷത്തൈ നടീൽ പരിപാടിയിലും പങ്കെടുക്കും. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിന് പുറമെ, പ്രധാനമന്ത്രി സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസും സന്ദർശിക്കും എന്നാണ് വിവരം. സമുദ്ര സുരക്ഷയും പ്രാദേശിക സ്ഥിരതയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന മേഖലകളായി തുടരുന്നു. സന്ദർശന വേളയിൽ, പ്രധാനമന്ത്രി സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും സമുദ്ര സുരക്ഷ, ബ്ലൂ ഇക്കണോമി (blue economy), കാലാവസ്ഥാ പ്രവർത്തനങ്ങൾ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും സാധ്യതയുണ്ട്.

ഇന്ത്യൻ നാവികസേനാ കപ്പലുകളും ഇന്ത്യൻ പ്രതിരോധ സേനാംഗങ്ങളുടെ ഒരു സംഘവും ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേരും. ഇതിനുമുമ്പ് 2015-ലാണ് പ്രധാനമന്ത്രി മോദി സീഷെൽസ് സന്ദർശിച്ചത്. നിലവിലെ സന്ദർശനം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാമ്പത്തികവും തന്ത്രപരവുമായ സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.


Mathrubhumi News 2 hours ago
Home Flash News