Select Location
All Locations
State
Region
City / District
സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

മട്ടാഞ്ചേരി: സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില വര്‍ദ്ധിച്ചു. കിലോയ്‌ക്ക് നാല് മുതല്‍ പത്ത് രൂപ വരെയാണ് വര്‍ദ്ധന. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതും വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായതുമാണ് വില വര്‍ദ്ധനക്കിടയാക്കിയതെന്നാണ് ഉപഭോക്തൃ സംഘടനകള്‍ പറയുന്നത്. മട്ട, ജയ, സുരേഖ തുടങ്ങിയവക്കാണ് കുത്തനെ വില വര്‍ദ്ധിച്ചത്. ബിരിയാണി അരി വില കിലോയ്‌ക്ക് 115 ല്‍ നിന്ന് 220 രൂപയായി. പച്ചരി വില കിലോയ്‌ക്ക് 50- 60 രൂപയായി. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് സംസ്ഥാന വിപണിയിലേക്കുള്ള 60 ശതമാനം അരിയുമെത്തുന്നത്. ബ്രാന്‍ഡഡ് അരി വില 150 ശതമാനം വരെ വര്‍ദ്ധിച്ചു. പാലക്കാടന്‍ മട്ട അരി വില കിലോയ്‌ക്ക് 60- 70 രൂപയായി. സുരേഖ അരി കിലോയ്‌ക്ക് 36- 40 ല്‍ നിന്ന് 48- 52 രൂപയായി. ജയ, കുറുവ, ചെമ്പാള, പൊന്നി, ബസ്മതി തുടങ്ങിയ അരി ഇനങ്ങള്‍ക്ക് കിലോയ്‌ക്ക് 55 – 90 രൂപ വരെയാണ് നിലവിലെ വില. യുദ്ധ സാഹചര്യം പറഞ്ഞ് അരി വിപണിയില്‍ കൃത്രിമ വില വര്‍ദ്ധന സൃഷ്ടിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, തെക്കന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പുഴുക്കലരിയിനങ്ങള്‍ വരുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പച്ചരിയിനങ്ങള്‍ വരുന്നത്. ബംഗാളില്‍ നിന്നാണ് ബിരിയാണി അരി എത്തുന്നത്. രാജ്യത്ത് അരി ഉത്പാദനം റിക്കാര്‍ഡ് തോതില്‍ വര്‍ദ്ധിച്ചിട്ടും സംസ്ഥാനത്ത് അരി വില വര്‍ദ്ധനവില്‍ വ്യാപാര മേഖലയിലും ആശങ്കയുണ്ട്.


Janmabhumi 52 minutes ago
Home Flash News