പാകിസ്ഥാനിലിരുന്ന് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് വെടിവച്ചുകൊന്ന ഭീകരാക്രമണ കേസില്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അന്താരാഷ്‌ട്ര ഭീകരനും ലഷ്‌കര്‍ ഇ തൊയ്ബ തലവനുമായ ഹാഫിസ് സെയ്ദിനെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യസൂത്രധാരന്‍, ലഷ്‌കര്‍ പോഷക സംഘടനയായ ആക്രമണം നടത്തിയ ദി റസിസ്റ്റന്‍സ് ഫ്രണ്ട് മേധാവി എന്നീ നിലകളിലാണ് ഹാഫിസ് സെയ്ദിനെ പ്രതി ചേര്‍ത്ത് ജമ്മു കോടതിയില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം നല്‍കിയത്. ഹാഫിസ് സെയ്ദ് പാകിസ്ഥാനിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും അതിന്റെ നടത്തിപ്പ് നേരിട്ട് നിരീക്ഷിക്കുകയും ചെയ്‌തെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ, ഫോറന്‍സിക് തെളിവുകളും സാങ്കേതിക വിവരങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ സമര്‍പ്പിച്ച 1597 പേജുള്ള പ്രധാന കുറ്റപത്രത്തിന്റെ തുടര്‍ച്ചയാണിത്. നിര്‍ണായക ഡിജിറ്റല്‍, സാങ്കേതിക, രഹസ്യാന്വേഷണ തെളിവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കും ഭീകരവാദ ഫണ്ടിങ്ങിനും പാകിസ്ഥാനില്‍ നിന്ന് ഹാഫിസ് സെയ്ദ് നേതൃത്വം നല്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തിന്റെ ആസൂത്രണം, സാമ്പത്തിക സഹായം, ഭീകര ശൃംഖലയുടെ ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകളും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതം ഏറ്റവും കൂടുതല്‍ തിരയുന്ന ഭീകരന്‍ ഹാഫിസ് സെയ്ദിനെതിരേ ഭീകര വിരുദ്ധ വകുപ്പുകള്‍ക്ക് പുറമേ, ഭാരതത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കല്‍, അതിര്‍ത്തിക്കപ്പുറത്തിരുന്ന് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തി. വിപുലമായ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും ഡിജിറ്റല്‍ തെളിവുകളിലൂടെയും ആക്രമണത്തിന് പിന്നിലെ പാകിസ്ഥാന്റെ പങ്ക് പൂര്‍ണമായും തെളിയിക്കാന്‍ കഴിഞ്ഞതായി എന്‍ഐഎ വ്യക്തമാക്കി. ഇതോടൊപ്പം ഭീകരവാദ ശൃംഖലകള്‍ തകര്‍ക്കുന്നതിനും ആക്രമണത്തിന് പിന്നിലെ എല്ലാ ബന്ധങ്ങളും പുറത്തുകൊണ്ടുവരുന്നതിനുമുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.